
ന്യൂഡൽഹി: സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനായി ഡൽഹിയിൽ 'ആന്റി റോമിയോ സ്ക്വാഡുകൾ' വിന്യസിക്കും. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ഡൽഹി പൊലീസിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം. ഇതിനായി 'ആന്റി-ഈവ് ടീസിംഗ്' അല്ലെങ്കിൽ 'ശിഷ്ടാചാർ' സ്ക്വാഡുകളെ ഉടൻ തന്നെ നഗരത്തിലെ പൊതുസ്ഥലങ്ങളിൽ വിന്യസിക്കും.
2025-ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ, സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ എല്ലാ പൊതു ഇടങ്ങളിലും 'ആന്റി റോമിയോ സ്ക്വാഡുകൾ' വിന്യസിക്കുമെന്നും ഡൽഹിയിലുടനീളം സിസിടിവി ക്യാമറകളുടെ ശൃംഖല സ്ഥാപിക്കുമെന്നും ബിജെപി വാഗ്ദാനം ചെയ്തിരുന്നു.
'ഈ സ്ക്വാഡുകളിൽ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ ഉൾപ്പെടും. അവർ അത്തരം കുറ്റകൃത്യങ്ങൾ തത്സമയം തടയുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും' എന്നാണ് മാർച്ച് 8-ന് പൊലീസ് കമ്മീഷണർ സഞ്ജയ് അറോറ ഒപ്പിട്ട ഒരു ഉത്തരവിൽ പറയുന്നത്. ഓരോ ജില്ലയിലും അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ (എസിപി) നേതൃത്വം നൽകുന്ന കുറഞ്ഞത് രണ്ട് 'ആന്റി-ഈവ് ടീസിംഗ്' സ്ക്വാഡുകൾ ഉണ്ടായിരിക്കും. ഓരോ സ്ക്വാഡിലും ഒരു ഇൻസ്പെക്ടർ, ഒരു സബ് ഇൻസ്പെക്ടർ, നാല് വനിതാ പൊലീസ് ഓഫീസർമാർ, അഞ്ച് പുരുഷ പൊലീസ് ഓഫീസർമാർ (അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർമാർ, ഹെഡ് കോൺസ്റ്റബിൾമാർ, കോൺസ്റ്റബിൾമാർ) എന്നിവർ ഉൾപ്പെടും.
സാങ്കേതിക സഹായത്തിനായി സ്‌പെഷ്യൽ സ്റ്റാഫിലെയോ ആന്റി-ഓട്ടോ തെഫ്റ്റ് സ്‌ക്വാഡിലെയോ (എഎടിഎസ്) പൊലീസ് ഉദ്യോഗസ്ഥർ സ്‌ക്വാഡിനെ അനുഗമിക്കും. ജില്ലാ പൊലീസ് ഡെപ്യൂട്ടി കമ്മീഷണർമാർ (ഡിസിപി) ഹോട്ട്‌സ്‌പോട്ടുകൾ കണ്ടെത്തി പട്ടിക തയ്യാറാക്കും. സിവിൽ വസ്ത്രത്തിലായിരിക്കും സ്ക്വാഡുകൾ ഉണ്ടാവുക. പൊതുഗതാഗത സംവിധാനങ്ങളിൽ സ്ക്വാഡുകൾ മിന്നൽ പരിശോധനകൾ നടത്തും.
സ്ത്രീകളെ ശല്യപ്പെടുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനായി 2017-ൽ ഉത്തർപ്രദേശ് പൊലീസാണ് 'ആന്റി റോമിയോ' ഡ്രൈവ്' ആരംഭിച്ചത്.
Content Highlights: Delhi To Get Anti-Romeo Squad