ക്രൈം ഷോ കണ്ട് പ്രചോദനമായി, ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വാഹനാപകടമെന്ന് വരുത്തി തീർത്തു

ഫെബ്ര‍ുവരി 12 നായിരുന്നു പൂജ എന്ന 25 കാരി വാഹനാപകടത്തിൽപെട്ട് മരിച്ചുവെന്ന വിവരം പുറത്ത് വരുന്നത്

dot image

ഭോപ്പാൽ: മധ്യപ്രദേശിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അപകട മരണമെന്ന് വരുത്തി തീ‍ർക്കാൻ ശ്രമിച്ചയാളെ പിടികൂടി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായ വിവരങ്ങളാണ് സംഭവത്തിൽ വഴിത്തിരിവായത്. താനും ഭാര്യയും യാത്ര ചെയ്തിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയും ഉടൻ തന്നെ ഭാര്യ മരിച്ചുവെന്നുമായിരുന്നു പ്രതിയും യുവതിയുടെ ഭ‍ർത്താവുമായ പ്രദീപ് പറഞ്ഞിരുന്നത്. ഈ വാദമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെ പൊളിഞ്ഞത്.

ഫെബ്ര‍ുവരി 12 നായിരുന്നു പൂജ എന്ന 25 കാരി വാഹനാപകടത്തിൽപെട്ട് മരിച്ചുവെന്ന വിവരം പുറത്ത് വരുന്നത്. ​ഗ്വാളിയോറിൽ നിന്ന് നൗ​ഗാവിലേക്ക് മടങ്ങുമ്പോഴാണ് താനും ഭാര്യയും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ടതെന്നായിരുന്നു പൊലീസിൽ പ്രദീപ് നൽകിയ മൊഴി. തനിക്കും പരിക്കുകൾ പറ്റിയെങ്കിലും അത് നിസ്സാര പരിക്കുകളാണെന്നായിരുന്നു പ്രദീപ് പറഞ്ഞിരുന്നത്. എന്നാൽ പ്രദീപിൻ്റെ മൊഴിയിലേയും സംഭവ സ്ഥലത്തെ പരിശോധനയും തമ്മിൽ വൈരുദ്ധ്യം തുടക്കത്തിലെ നിലനിന്നിരുന്നു. രക്തക്കറയോ അപകടം നടന്നതിൻ്റെ തെളിവുകളോ ഇവിടെ നിന്ന് പൊലീസിന് ലഭിച്ചിരുന്നില്ല. പിന്നാലെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടി വന്നപ്പോഴേക്കും പൂജ മരിച്ചതല്ല കൊല്ലപ്പെട്ടതാണെന്ന് തെളിയുകയായിരുന്നു. തലയ്ക്കും വയറ്റിലും ശക്തമായി അടിയേറ്റാണ് പൂജ മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോ‌ർട്ടിലൂടെ തെളിഞ്ഞു.

വിശദമായ ചോദ്യം ചെയ്യലിലൂടെ പൂജയുടെ ഭർത്താവായ പ്രദീപ് തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്ന് തെളിയുകയായിരുന്നു. സത്രീധനം ചോദിച്ച് നിരന്തരം പൂജയെ പ്രദീപും കുടുംബവും മർദ്ദിക്കുമായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. സ്ത്രീധനമായി അഞ്ച് ലക്ഷം രൂപ നൽകണമെന്ന് പറഞ്ഞ് പ്രദീപ് പൂജയെ മർദ്ദിച്ചിരുന്നു. ഇത് ലഭിക്കാതെ വന്നപ്പോഴാണ് പൂജയെ കൊലപ്പെടുത്താൻ പ്രദീപ് തീരുമാനം എടുക്കുന്നത്.

ക്രൈം ഷോയാണ് തനിക്ക് കൊലപാതകത്തിനെ വാഹനാപകടമാക്കി ചിത്രീകരിക്കാൻ പ്രചോദനമായതെന്നാണ് പ്രദീപിൻ്റെ വെളിപ്പെടുത്തൽ. പിന്നാലെ സിസിടിവി ഇല്ലാത്ത സ്ഥലം നോക്കി അപകടം നടന്നതായി ചിത്രീകരിക്കുകയും പിന്നീട് പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നുവെന്ന് പ്രതി വെളിപ്പെടുത്തി.

Content Highlights- Inspired by watching a crime show, he killed his wife and then faked a car accident.

dot image
To advertise here,contact us
dot image