
ഛണ്ഡീഗഡ്: പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ ഒഴിപ്പിച്ച് പൊലീസ്. പഞ്ചാബ് പൊലീസാണ് വിവിധ വിഷയങ്ങളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ ഒഴിപ്പിച്ചത്. സമരസ്ഥലത്ത് കര്‍ഷകര്‍ സ്ഥാപിച്ച താല്‍ക്കാലിക സംവിധാനങ്ങളും പൊലീസ് പൊളിച്ചു കളഞ്ഞു. ജഗ്ജീത് ദല്ലേവാള്‍, ശ്രാവണ്‍സിംഗ് പാന്തേര്‍ തുടങ്ങി നിരവധി കര്‍ഷക നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ജദ്ജീത് ദല്ലേവാളിനെ ആശുപത്രിയിലേക്കും ശ്രാവണ്‍സിംഗിനെ പൊലീസ് ക്യാമ്പിലേക്കും മാറ്റി.
അതേസമയം ശംഭു, ഖനൗരി അതിര്‍ത്തികള്‍ തുറക്കുന്നതിന്റെ ഭാഗമായുള്ള നടപടിയാണിതെന്ന് പഞ്ചാബ് മന്ത്രി ഹര്‍പല്‍ സിംഗ് ചീമ പ്രതികരിച്ചു. കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്രത്തിനെതിരായതിനാല്‍ ഡല്‍ഹിയിലോ മറ്റെവിടെയെങ്കിലും പോയി സമരം ചെയ്യണമെന്നും ഹര്‍പല്‍ സിംഗ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചു.
'കേന്ദ്രത്തിന്റെ മൂന്ന് കരിനിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ സമരം ചെയ്തപ്പോള്‍ ആംആദ്മി സര്‍ക്കാരും പഞ്ചാബിലെ ആളുകളും അവരോടൊപ്പം നിന്നു. കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെതിരെയായിരുന്നു. ഇപ്പോള്‍ ശംഭു, ഖനൗരി അതിര്‍ത്തികള്‍ അടച്ചിട്ട് ഏകദേശം ഒരു വര്‍ഷത്തിലധികമായി. പഞ്ചാബിലെ യുവാക്കളും വ്യാപാരികളും അസ്വസ്ഥരാണ്. വ്യാപാരികള്‍ക്ക് ബിസിനസ് ലഭിച്ചാലും യുവാക്കള്‍ക്ക് ജോലി ലഭിച്ചാലും അവര്‍ മയക്കുമരുന്നില്‍ നിന്ന് ഒഴിഞ്ഞുനടക്കും', അദ്ദേഹം പറഞ്ഞു.
എന്നാല്‍ കേന്ദ്രവും പഞ്ചാബിലെ ആംആദ്മി സര്‍ക്കാരും കര്‍ഷകരെ ഒറ്റപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് എംപി അമരീന്ദര്‍ സിംഗ് രാജ പ്രതികരിച്ചു.
Content Highlights: Police evacuate protesting farmers at Shambhu on Punjab-Haryana border