വാതുവെപ്പ് ആപ്പുകളുടെ പ്രചാരകരെന്ന് പരാതി; റാണ ദഗ്ഗുബതി, പ്രകാശ് രാജ് അടക്കമുള്ള താരങ്ങൾക്കെതിരെ കേസ്

റാണ ദഗ്ഗുബതി, പ്രകാശ് രാജ്, മഞ്ചു ലക്ഷ്മി, നിധി അഗർവാൾ അടക്കമുള്ള താരങ്ങൾക്കെതിരെയാണ് സൈബരാബാദ്‌ പൊലീസ് കേസ് എടുത്തത്

dot image

ഹൈദരാബാദ്: വാതുവെപ്പ് ആപ്പുകളുടെ പ്രചാരകരാണെന്ന പരാതിയിൽ ചലച്ചിത്ര പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. റാണ ദഗ്ഗുബതി, പ്രകാശ് രാജ്, മഞ്ചു ലക്ഷ്മി, നിധി അഗർവാൾ അടക്കമുള്ള താരങ്ങൾക്കെതിരെയാണ് സൈബരാബാദ്‌ പൊലീസ് കേസ് എടുത്തത്. ഇവ‍ർക്ക് പുറമെ 11 സമൂഹ മാധ്യമ ഇൻഫ്ളുവൻസർമാർക്കെതിരെയും ഹൈദരാബാദിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലായി കേസ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.

ചലച്ചിത്ര പ്രവർത്തകർക്കെതിരെ മിയപൂർ പൊലീസ് സ്റ്റേഷനിലാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവർ രാജ്യത്തു നിലവിലുള്ള ചൂതാട്ട നിയമം ലംഘിച്ചതായി പൊലീസ് ചൂണ്ടിക്കാട്ടി. വാതുവയ്പ്പ് ആപ്പുകൾ വഴി എളുപ്പത്തിൽ പണം ഉണ്ടാക്കാമെന്ന സന്ദേശം നൽകി തൊഴിൽ രഹിതരായ യുവാക്കൾക്ക് ഇവർ തെറ്റായ പ്രതീക്ഷ നൽകിയെന്നും എഫ് ഐ ആറിൽ പറയുന്നു . കേസിൽ പ്രതിചേർക്കപ്പെട്ട സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാരെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു തുടങ്ങി.

പി എം പനീന്ദ്ര ശർമ്മ എന്നയാൾ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പരാതിക്കാരൻ തന്റെ കോളനി യുവാക്കളുമായി സംസാരിച്ചപ്പോൾ അവരിൽ പലരും ബെറ്റിംഗ്, ചൂതാട്ടം, കാസിനോ ആപ്പുകളിൽ നിക്ഷേപം നടത്തുന്നതായി മനസ്സിലായെന്നും ഈ ആപ്പുകൾക്കായി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രശസ്തരായ സെലിബ്രിറ്റികളും ഇൻഫ്ലുവൻസ‍ർമാരും പ്രചാരണം നടത്തുന്നതായും മനസ്സിലായെന്നാണ് പരാതിയിൽ പറയുന്നത്.

നിരവധി പേർ ഇതിനകം തന്നെ കഠിനാദ്ധ്വാനം ചെയ്ത് സമ്പാദിച്ച പണം ഈ ആപ്പുകളിൽ നിക്ഷേപിച്ച് നഷ്ടപ്പെടുത്തിയിട്ടുണ്ടെന്ന് മനസ്സാലയതും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. പരാതിക്കാരനും ഇതിൽ ആക‍ർഷിതനായി ഒരു ചൂതാട്ട ആപ്പിൽ നിക്ഷേപിക്കാനൊരുങ്ങിയിരുന്നെങ്കിലും കുടുംബാംഗങ്ങളുടെ നിർദേശ പ്രകാരം അതിൽ നിന്നും പിന്തിരിയുകയായിരുന്നു. അതിനുശേഷം, തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ (ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് മുതലായവ) ഉപയോഗിച്ചപ്പോൾ നിരവധി സെലിബ്രിറ്റികളും ഇൻഫ്ലുവൻസ‍മാരും ഈ വ്യാജ ചൂതാട്ട ആപ്പുകളും വെബ്സൈറ്റുകളും പ്രോത്സാഹിപ്പിക്കുന്നതായി കണ്ടു. ഇവർ വലിയ തുക കൈപ്പറ്റി ഈ ആപ്പുകൾക്കായി പരസ്യം ചെയ്യുന്നതായി വ്യക്തമായി മനസ്സിലായെന്നും പരാതിയിൽ പറയുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ചലച്ചിത്ര താരങ്ങളും ഇൻഫ്ലുവൻസ‍മാരും അടക്കമുള്ളവർക്കെതിരെ പരാതി നൽകിയത്. ഈ നിയമവിരുദ്ധ ചൂതാട്ട പ്ലാറ്റ്ഫോമുകൾക്കെതിരെ നടപടികൾ കൈക്കൊള്ളണമെന്നും ഇവ പ്രോത്സാഹിപ്പിക്കുന്ന സെലിബ്രിറ്റികൾക്കും ഇൻഫ്ലുവൻസർമാർക്കും എതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlights: The Miyapur police in Cyberabad have registered a case against 25 people, including actors Rana Daggubati, Prakash Raj, Manchu Lakshmi, and Nidhi Agarwal, for their alleged involvement in promoting betting apps

dot image
To advertise here,contact us
dot image