
ന്യൂഡല്‍ഹി: രാജ്യത്തെ എംഎല്‍എമാരുടെ സ്വത്ത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ട് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്. രാജ്യത്തെ ഏറ്റവും ധനികനായ എംഎല്‍എയും സാമ്പത്തികമായി പിന്നിലുള്ള എംഎല്‍എയും ബിജെപി അംഗങ്ങളാണ്. മഹാരാഷ്ട്ര മുംബൈ ഘട്‌കോപാര്‍ ഈസ്റ്റ് മണ്ഡലത്തിലെ ബിജെപി എംഎല്‍എ പരാഗ് ഷായാണ് എന്‍ഡിആര്‍ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ഏറ്റവും വലിയ ധനികനായ എംഎല്‍എ. 3400 കോടിയാണ് ഇയാളുടെ ആസ്തി. 1413 കോടി രൂപ ആസ്തിയുളള കര്‍ണാടക കനകപുര മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറാണ് രണ്ടാമത്. എംഎല്‍എമാര്‍ തിരഞ്ഞെടുപ്പ് സമയത്ത് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ സ്വത്ത് വിവരങ്ങള്‍ കണക്കാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
പരാഗ് ഷാ (ബിജെപി, മഹാരാഷ്ട്ര) - 3383 കോടി, ഡി കെ ശിവകുമാര്‍ (കോണ്‍ഗ്രസ്, കര്‍ണാടക)-1413 കോടി, കെ എച്ച് പുട്ടസ്വാമി ഗൗഡ (സ്വതന്ത്രന്‍, കര്‍ണ്ണാടക)-1267 കോടി, പ്രിയകൃഷ്ണ (കോണ്‍ഗ്രസ്, കര്‍ണ്ണാടക)- 1156 കോടി, എന്‍ ചന്ദ്രബാബു നായിഡു (ടിഡിപി, ആന്ധ്രപ്രദേശ്)-931 കോടി, പൊന്‍ഗുരു നാരായണ (ടിഡിപി, ആന്ധ്രപ്രദേശ്) 824 കോടി, ജഗ്ഗന്‍ മോഹന്‍ റെഡ്ഡി (വൈഎസ്ആര്‍സിപി, ആന്ധ്രപ്രദേശ്)-757 കോടി എന്നിവരാണ് രാജ്യത്തെ സമ്പന്നരായ ആദ്യ പത്ത് എംഎല്‍എമാര്‍. ഇതില്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ള എംഎല്‍എമാരാണ് സമ്പത്തിൻ്റെ കാര്യത്തിൽ മുന്നില്‍ നില്‍ക്കുന്നതെന്നാണ് കണക്കുകള്‍ ചൂണ്ടികാട്ടുന്നത്.
കുറഞ്ഞ സ്വത്തുള്ള എംഎല്‍എ പശ്ചിമബംഗാളില്‍ നിന്നുള്ള ബിജെപിയുടെ നിർമ്മല്‍ കുമാർ ധാരയാണ്. കേരളത്തില്‍ സിറ്റിംഗ് എംഎല്‍എമാരില്‍ മാത്യൂ കുഴല്‍നാടനാണ് സ്വത്തിന്റെ കാര്യത്തില്‍ ഒന്നാമത്. എന്നാല്‍ എഡിആര്‍ റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്വത്ത് ഉള്ളത് നിലമ്പൂര്‍ മുന്‍ എംഎല്‍എ പി വി അന്‍വറിനാണ്. റിപ്പോർട്ട് തയ്യാറാക്കുമ്പോൾ പി വി അൻവർ നിലമ്പൂരിൽ നിന്നുള്ള എംഎൽഎ ആയിരുന്നു. ദേശീയ തലത്തിലെ കണക്കെടുത്താന്‍ മാത്യൂ കുഴല്‍നാടന്‍ 379-ാം സ്ഥാനത്താണ്. കണക്കുകൾ പ്രകാരം റിപ്പോർട്ടിൽ അൻവറിൻ്റെ സ്ഥാനം 208-ാമതാണ്. കേരളത്തില്‍ സമ്പന്നരായ എംഎൽഎമാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് മാണി സി കാപ്പനും നാലാം സ്ഥാനത്ത് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുമാണ്.
ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലേയും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലേയും 4,092 എംഎല്‍എമാരുടെ സ്വത്തുവിവരങ്ങളാണ് എഡിആര്‍ പരിശോധിച്ചത്. സത്യവാങ്മൂലം വായിക്കാന്‍ കഴിയാത്ത 24 എംഎല്‍എമാരുടെ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഇല്ല. ഒഴിഞ്ഞുകിടക്കുന്ന ഏഴ് മണ്ഡലങ്ങളുടെ വിവരങ്ങളും ലഭ്യമല്ല.
Content Highlights: ADR report BJP's Parag Shah is the richest MLA in India, Mathew Kuzhalnadan in kerala