
ചണ്ഡീഗഡ്: ശംഭു, ഖനൗരി അതിർത്തികളിൽ പ്രതിഷേധിക്കുന്ന കർഷകരെ ഒഴിപ്പിക്കാനുള്ള നീക്കത്തിൽ പ്രതിഷേധം. കഴിഞ്ഞ ഒരു വർഷത്തിലേറെയായി അടച്ചിട്ടിരിക്കുന്ന അതിർത്തികളിൽ കർഷകർ സ്ഥാപിച്ചിരിക്കുന്ന താൽക്കാലിക കൂടാരങ്ങൾ അടക്കം പൊളിച്ച് നീക്കി സമരക്കാരെ ഒഴിപ്പിക്കാനുള്ള നീക്കമാണ് പഞ്ചാബ് പൊലീസ് നടത്തിയത്. ഇതിനിടെ ഖനൗരി, ശംഭു അതിർത്തികളിലെ പ്രതിഷേധ സ്ഥലങ്ങളിലേക്ക് പോകുന്നതിനിടെ മൊഹാലിയിൽ നിരവധി കർഷകർ പഞ്ചാബ് പോലീസുമായി ഏറ്റുമുട്ടി. അതേസമയം പഞ്ചാബ് പോലീസ് ബുൾഡോസറുകൾ ഉപയോഗിച്ചാണ് അതിർത്തികളിൽ കർഷകർ നിർമ്മിച്ചിരിക്കുന്ന കൂടാരങ്ങൾ പൊളിച്ചുമാറ്റുന്നത്. കേന്ദ്ര പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സർവാൻ സിംഗ് പാന്ഥർ, ജഗ്ജിത് സിംഗ് ദല്ലേവാൾ എന്നിവരുൾപ്പെടെ നിരവധി കർഷക നേതാക്കളെ മൊഹാലിയിൽ നിന്ന് പഞ്ചാബ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകരെ നീക്കം ചെയ്യാനുള്ള നടപടി ആരംഭിച്ചത്.
കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ച നടത്തിയ ശേഷം ശംഭുവിലെ പ്രതിഷേധ സ്ഥലത്തേക്ക് പോകുന്നതിനിടെയായിരുന്നു കർഷക നേതാക്കളെ മൊഹാലിയിൽ വെച്ച് കസ്റ്റഡിയിലെടുത്തത്.
രണ്ട് ഹൈവേകൾ ദീർഘകാലമായി അടച്ചിട്ടിരിക്കുന്നതിനാൽ വ്യവസായങ്ങൾക്കും ബിസിനസുകൾക്കും വലിയ തിരിച്ചടി നേരിട്ടതായി പഞ്ചാബ് ധനകാര്യമന്ത്രി ഹർപാൽ സിംഗ് ചീമ പറഞ്ഞിരുന്നു. രണ്ട് അതിർത്തികളിലെയും കർഷകരെ ഒഴിപ്പിക്കുന്നതിനെയും മന്ത്രി ന്യായീകരിച്ചിരുന്നു.
ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് (പട്യാല റേഞ്ച്) മൻദീപ് സിംഗ് സിദ്ധുവിന്റെ നേതൃത്വത്തിൽ ഏകദേശം 3,000 ഉദ്യോഗസ്ഥരാണ് ഖനൗരി അതിർത്തിയിലെ പ്രതിഷേധക്കാരെ ഒഴിപ്പിക്കാനായി എത്തിയത്. റോഡ് ഗതാഗതം സുഗമമാക്കുന്നതിനായി ശംഭു അതിർത്തിയിലും പൊലീസ് സംഘം എത്തിയിരുന്നു. ഖനൗരി അതിർത്തിയിൽ നിന്ന് പഞ്ചാബ് പൊലീസ് ഇതുവരെ 500 മുതൽ 700 വരെ കർഷകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റോഡുകളിലെ തടസ്സം നീക്കി ഗതാഗതത്തിന് തുറക്കാൻ സംസ്ഥാന സർക്കാരിൽ നിന്ന് പോലീസിന് ഉത്തരവ് ലഭിച്ചതായി പട്യാല റേഞ്ച് ഡിഐജി മൻദീപ് സിംഗിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഖനൗരി അതിർത്തിയിലും പഞ്ചാബിലെ സംഗ്രൂർ, പട്യാല ജില്ലകളിലെ പരിസര പ്രദേശങ്ങളിലും ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. മുൻകരുതൽ നടപടിയെന്ന നിലയിൽ ഖനൗരി, ശംഭു അതിർത്തികളിൽ കനത്ത പോലീസ് വിന്യാസവും ഏർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ഫെബ്രുവരി 13 മുതൽ ഖനൗരി, ശംഭു അതിർത്തിയിൽ കർഷകർ പ്രതിഷേധവുമായി രംഗത്തുണ്ട്. സംയുക്ത കിസാൻ മോർച്ച (നോൺ-പൊളിറ്റിക്കൽ), കിസാൻ മസ്ദൂർ മോർച്ച എന്നിവയുടെ നേതൃത്വത്തിലാണ് കർഷകർ പ്രതിഷേധിക്കുന്നത്. പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു (ശംഭു-അംബാല), ഖനൗരി (സംഗ്രൂർ-ജിന്ദ്) അതിർത്തികളിലാണ് ഒരു വർഷത്തിലേറെയായി കർഷകർ പ്രതിഷേധിക്കുന്നത്. വിളകൾക്ക് മിനിമം താങ്ങുവില നിയമപരമായി ഉറപ്പ് നൽകണമെന്ന് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഡൽഹിയിലേയ്ക്ക് മാർച്ച് നടത്തുന്നതിനിടെ സുരക്ഷാ സേന തടഞ്ഞതോടെയാണ് കർഷകർ പ്രതിഷേധവുമായി അതിർത്തികളിൽ തമ്പടിച്ചത്.
ഇന്ന് കസ്റ്റഡിയിലെടുത്ത ദല്ലേവാൾ 54 ദിവസം നിരാഹാരം അനുഷ്ഠിക്കുകയും 24 വിളകൾക്ക് എംഎസ്പിക്ക് നിയമപരമായ ഗ്യാരണ്ടി നൽകാൻ സർക്കാർ സമ്മതിച്ചില്ലെങ്കിൽ ജനുവരിയിൽ വൈദ്യസഹായം സ്വീകരിക്കാൻ സമ്മതിക്കുകയും ചെയ്തു എന്നത് ശ്രദ്ധേയമാണ്.
എംഎസ്പിക്ക് നിയമപരമായ ഗ്യാരണ്ടി നൽകുന്നതിനു പുറമേ, കടം എഴുതിത്തള്ളൽ, കർഷകർക്കും കർഷകത്തൊഴിലാളികൾക്കും പെൻഷൻ, വൈദ്യുതി നിരക്ക് വർധനവ് ഒഴിവാക്കുക, കർഷകർക്കെതിരായ പോലീസ് കേസുകൾ പിൻവലിക്കുക, ഉത്തർപ്രദേശിലെ 2021-ലെ ലഖിംപൂർ ഖേരി അക്രമത്തിന്റെ ഇരകൾക്ക് നീതി ലഭ്യമാക്കുക, 2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമം പുനഃസ്ഥാപിക്കുക, 2020-21-ൽ മുൻ പ്രക്ഷോഭത്തിനിടെ മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം എന്നിവ കർഷകർ ആവശ്യപ്പെടുന്നു.
Content Highlights: Farmers clash with Punjab cops, Jagjit Dallewal detained, protest sites razed