
മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ കാമുകന്റെ സഹായത്തോടെ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയെ തൂക്കിലേറ്റണമെന്ന ആവശ്യവുമായി മാതാപിതാക്കൾ. അമേരിക്കയിൽ നിന്ന് നാട്ടിലെത്തിയ സൗരഭ് രജ്പുത്തിനെ(29)യാണ് ഭാര്യ മുസ്കൻ റസ്തഗി(27)യും കാമുകനായ സാഹിൽ ശുക്ല(25)യും ചേർന്ന് കൊലപ്പെടുത്തിയത്. മൃതദേഹം കഷ്ണങ്ങളാക്കിയ ശേഷം സിമന്റ് ഡ്രമ്മിനുള്ളിൽ ഒളിപ്പിക്കുകയായിരുന്നു. മുസ്കന്റെ മാതാപിതാക്കൾ തന്നെയാണ് മകളെ തൂക്കിലേറ്റണമെന്നും ജീവിക്കാനുള്ള അവകാശം ഇനിയില്ലെന്നും പറഞ്ഞത്. മുസ്കനും സാഹിലും ലഹരിക്ക് അടിമകളായിരുന്നെന്നും അവർ തമ്മിൽ കാണുന്നത് സൗരഭ് വിലക്കുമെന്ന് കരുതിയാണ് അവനെ കൊലപ്പെടുത്തിയതെന്നും അവർ പറഞ്ഞു.
സാഹിലിനെ കാണാനും ലഹരി ഉപയോഗിക്കാനും കഴിയില്ല എന്ന പേടിയാണ് സൗരഭിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് മുസ്കന്റെ അമ്മയായ കവിതാ രസ്തഗി പറഞ്ഞു. 'കൊലപാതകത്തിനു ശേഷം മുസ്കൻ ഞങ്ങളെ വന്നു കണ്ടു. സൗരഭിനെ കൊന്നെന്ന് മുസ്കൻ തുറന്നു പറഞ്ഞു. സാഹിലുമായി ചേർന്ന് ലഹരി ഉപയോഗിക്കുന്നത് അവൻ തടയുമെന്ന് കരുതിയാണ് കൊന്നത്. അതുകൊണ്ടു തന്നെയാണ് അവളെ ഞങ്ങൾ അറസ്റ്റ് ചെയ്യിച്ചത്. സൗരഭ് എപ്പോഴും മുസ്കനെ പിന്തുണച്ചിരുന്നു. അവളെ വളരെയധികം സ്നേഹിച്ചിരുന്നു', എന്നായിരുന്നു യുവതിയുടെ അമ്മയുടെ പ്രതികരണം.
സൗരഭ് ലണ്ടനിലേക്ക് പോയപ്പോൾ ഞങ്ങളോടൊപ്പം വന്നു താമസിക്കാൻ അവളോട് പറഞ്ഞതാണ്. ഞങ്ങൾ അവൾക്ക് നിയന്ത്രണങ്ങൾ വയ്ക്കുമെന്നു പറഞ്ഞ് ഒപ്പം വന്നില്ല. സൗരഭ് അവളെ പിന്തുണയ്ക്കുകയും ചെയ്തു. എന്നാൽ സൗരഭ് ലണ്ടനിലായിരുന്ന സമയത്ത് മകൾക്ക് 10 കിലോയോളം കുറഞ്ഞു. സൗരഭ് കൂടെയില്ലാത്തതിലുള്ള വിഷമം കാരണമാണ് അവൾ ക്ഷീണിച്ചതെന്ന് ഞങ്ങൾ കരുതി. സാഹിൽ അവളെ ലഹരിക്ക് അടിമയാക്കിക്കൊണ്ടിരിക്കുകയാണെന്ന് അറിഞ്ഞിരുന്നില്ല'. കവിത പറഞ്ഞു. സൗരഭിന്റെയും മുസ്കന്റെയും ആറു വയസ്സുള്ള മകൾ ഇപ്പോൾ മുസ്കന്റെ മാതാപിതാക്കൾക്കൊപ്പമാണ്..
വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി പൊലീസിന് സൂചന ലഭിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. അന്വേഷണത്തിൽ, മൃതദേഹം ഒന്നിലധികം കഷ്ണങ്ങളായി മുറിച്ച് ഡ്രമ്മിനുള്ളിൽ അടച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സൗരഭ് ജീവിച്ചിരിപ്പുണ്ടെന്ന് കാണിക്കാൻ മുസ്കൻ സൗരഭിൻ്റെ ഫോണിൽ നിന്ന് കുടുംബാംഗങ്ങൾക്ക് സന്ദേശം അയച്ചിരുന്നു. പ്രതികൾക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയിരുന്നു. 2016-ലാണ് മുസ്കനും സൗരഭും കുടുംബങ്ങളുടെ എതിർപ്പ് അവഗണിച്ച് വിവാഹിതരായത്.
Content Highlights: Merchant Navy Officer's death updates