
ഭഗൽപൂർ: ബിഹാറിലെ ഭഗൽപൂരിൽ കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്‌യുടെ രണ്ട് അനന്തരവൻമാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് പരിക്കേറ്റു. നവ്ഗച്ചിയ ജില്ലയിലെ പർവട്ട പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ജഗത്പൂരിലാണ് വെടിവെപ്പുണ്ടായത്.
വികാൽ യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ജയ്ജീത് എന്നയാൾ ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം. ഇയാൾ ഭഗൽപൂർ ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളത്തെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നുവെന്നും ഇതിനിടെ പരസ്പരം വെടിയുതിർക്കുകയായിരുന്നുവെന്നുമാണ് വിവരം.
'ഇന്ന് രാവിലെ 7.30 ഓടെ ജഗത്പൂർ ഗ്രാമത്തിൽ രണ്ട് സഹോദരന്മാർ പരസ്പരം വെടിയുതിർത്തതായി വിവരം ലഭിക്കുകയായിരുന്നു. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു, മറ്റൊരാൾ ആശുപത്രിയിൽ വെച്ച് മരിച്ചു. മരിച്ചയാളുടെ പോസ്റ്റ്‌മോർട്ടം നടക്കുകയാണ്. കുടിവെള്ള പൈപ്പിനെ പറ്റിയുള്ള തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം, ഇരുവരും പരസ്പരം വെടിവച്ചു. വിശ്വജീത്, ജയ്ജീത് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടുപേരും ഒരു കേന്ദ്ര മന്ത്രിയുടെ ബന്ധുക്കളാണെന്നാണ് ഞങ്ങൾക്ക് കിട്ടിയ വിവരം', എന്നാണ് നവ്ഗച്ചിയ എസ്പി പ്രേരണ കുമാർ അറിയിച്ചത്. ആശുപത്രിയിൽവെച്ച് വികാൽ യാദവ് മരിച്ചതായും ജയ്ജീതിന്റെ നില ഗുരുതരമാണെന്നും ഡോക്ടർമാരും അറിയിച്ചു.
Content Highlights: Union Minister Nityanand Rai's Nephew Shot Dead After Quarrel Over Drinking Water