
ന്യൂഡല്‍ഹി: ഗാസയിലെ പുതിയ ആക്രമണത്തില്‍ 400ഓളം പേരെ കൊലപ്പെടുത്തിയ ഇസ്രയേല്‍ നടപടിക്കെതിരെ വയനാട് എംപി പ്രിയങ്കാ ഗാന്ധി. ഇസ്രയേലിന്റേത് ചോര മരവിപ്പിക്കുന്ന കൊടും കൊലയാണെന്നും ഭരണകൂടം ഭീരുക്കളാണെന്നും പ്രിയങ്ക പറഞ്ഞു. സാമൂഹ്യമാധ്യമമായ എക്‌സിലായിരുന്നു പ്രിയങ്കയുടെ പ്രതികരണം.
മനുഷ്യത്വം അവര്‍ക്ക് ഒന്നുമല്ലെന്നും സ്വന്തം സത്യത്തെ അഭിമുഖീകരിക്കാനുള്ള കഴിവില്ലായ്മയാണ് തെളിയിക്കുന്നതെന്നും പ്രിയങ്ക കുറിച്ചു. പലസ്തീനികളുടെ ധീരതയെക്കുറിച്ചും പ്രിയങ്ക പറയുന്നു. സങ്കല്‍പ്പിക്കാന്‍ സാധിക്കാത്ത ബുദ്ധിമുട്ടുകളാണ് അവര്‍ അനുഭവിച്ചതെന്നും എന്നിട്ടും അവരുടെ മനസ് അചഞ്ചലമായി നില്‍ക്കുന്നുവെന്നും പറഞ്ഞ പ്രിയങ്ക സത്യമേവ ജയതേയെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
വെടിനിര്‍ത്തല്‍ കരാര്‍ തുടരുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വഴിമുട്ടിയതോടെയാണ് ഇസ്രയേല്‍ ഗാസയില്‍ കനത്ത ആക്രമണം അഴിച്ചുവിട്ടത്. ജനുവരി 19ന് വെടിനിര്‍ത്തല്‍ ആരംഭിച്ചതിനുശേഷം ഗാസയില്‍ നടക്കുന്ന ഏറ്റവും വലിയ വ്യോമാക്രമണമാണിത്. വെടിനിര്‍ത്തല്‍ കരാര്‍ തുടരുന്നതിനായി കഴിഞ്ഞ ദിവസം ഇസ്രയേലും ഹമാസും അമേരിക്കയും ചര്‍ച്ചകള്‍ നടത്തിയെങ്കിലും ധാരണയായിരുന്നില്ല.
ഇതിന് പിന്നാലെ ചൊവ്വാഴ്ച വൈകുന്നേരം ഇറക്കിയ പ്രസ്താവനയില്‍ ഗാസയിലെ യുദ്ധം പൂര്‍ണ്ണ ശക്തിയോടെ പുനഃരാരംഭിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ആക്രമണം കേവലമൊരു തുടക്കം മാത്രമാണെന്നും പ്രസ്താവനയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Content Highlights: Priyanka Gandi against Israel action over Gaza