
ന്യൂഡൽഹി: അങ്കണവാടി ജീവനക്കാരെ സ്ഥിരം സർക്കാർ ജീവനക്കാരായി പരിഗണിക്കണമെന്ന ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് കേന്ദ്രസർക്കാർ. അടൂർ പ്രകാശ് എം പിയുടെ ചോദ്യത്തിന് വനിതാ ശിശുക്ഷേമ സഹമന്ത്രി സാവിത്രി താക്കൂർ ലോക്സഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അങ്കണവാടി ജീവനക്കാരുടെ പ്രതിഫലം വർധിപ്പിക്കുന്നതിന് നിലവിൽ നിർദ്ദേശമില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
ഇൻ്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്‌മെന്റ് സർവീസസ് (ഐസിഡിഎസ്) പ്രകാരം അങ്കണവാടി ജീവനക്കാരെയും (എഡബ്ല്യുഡബ്ല്യു) സഹായികളെയും (എഡബ്ല്യുഎച്ച്) നിയമിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി ഒരു നയം രൂപീകരിക്കണമെന്നായിരുന്നു ഗുജറാത്ത് ഹൈക്കോടതിയുടെ നിരീക്ഷണം. കഴിഞ്ഞ നവംബറിലായിരുന്നു ജസ്റ്റിസ് നിഖിൽ എസ് കരിയേലിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിൻ്റെ നിരീക്ഷണം.
അങ്കണവാടി ജീവനക്കാരും (എഡബ്ല്യുഡബ്ല്യു) സഹായികളും (എഡബ്ല്യുഎച്ച്) സംസ്ഥാന സിവിൽ സർവീസുകളുടെ ഭാഗമല്ലെങ്കിലും, വിദ്യാഭ്യാസ അവകാശ നിയമത്തിനും ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിനും കീഴിലുള്ള ഭാരിച്ച നിയമപരമായ കടമകൾ അവർ നിർവഹിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചിരുന്നു. അവരെ അംഗീകരിക്കാൻ സംസ്ഥാനങ്ങൾ വിസമ്മതിക്കുന്നുവെന്നും കോടതി നീരീക്ഷിച്ചിരുന്നു.
Content Highlights: Centre will appeal on Gujarat High Court verdict to treat Anganwadi workers as government employees