ഉത്തർപ്രദേശിൽ ബിജെപി നേതാവ് ഭാര്യയ്ക്കും മക്കൾക്കും നേരെ വെടിയുതിർത്തു; രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു

ഭാര്യയ്ക്ക് വിവാഹേതര ബന്ധം ഉണ്ടെന്ന് സംശയിച്ചാണ് പ്രതി ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്

dot image

ലഖ്‌നൗ: ഉത്തർപ്രദേശിൽ ബിജെപി നേതാവ് ഭാര്യയ്ക്കും മക്കൾക്കും എതിരെ വെടിയുതി‍ർത്തു. ആക്രമണത്തിൽ മകനും മകളും മരിച്ചു. ഭാര്യയും മറ്റൊരു കുട്ടിയും വെടിയേറ്റ് ​ഗുരുതരാവസ്ഥയിലാണ്. സഹാരൻപൂർ ജില്ലയിൽ ഗംഗോ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ബിജെപി നേതാവ് യോഗേഷ് രോഹില്ല ഭാര്യയെയും മൂന്ന് മക്കളെയും വെടിവെച്ചത്.

ബിജെപി എക്സിക്യൂട്ടീവ് അംഗമായ പ്രതിയെ സംഭവസ്ഥലത്ത് നിന്ന് പിടികൂടി. കുറ്റകൃത്യത്തിന് ഉപയോഗിച്ച പിസ്റ്റളും കണ്ടെടുത്തിട്ടുണ്ടെന്നാണ് പൊലിസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വെടിവെയ്പ്പിനെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് സഹാറൻപൂർ എസ്എസ്പി രോഹിത് സജ്വാൻ ഉൾപ്പെടെയുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഭാര്യയ്ക്ക് വിവാഹേതര ബന്ധം ഉണ്ടെന്ന് സംശയിച്ചാണ് പ്രതി ആക്രമണം നടത്തിയതെന്നാണ് എസ്എസ്പിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

'ഭാര്യയുടെ സ്വഭാവത്തിൽ സംശയം തോന്നിയതിനാൽ യോഗേഷ് രോഹില്ല ഭാര്യയെയും മൂന്ന് കുട്ടികളെയും വെടിവച്ചു. രണ്ട് കുട്ടികൾ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു, ഭാര്യയെയും മൂന്നാമത്തെ കുട്ടിയെയും ഗുരുതരാവസ്ഥയിൽ സഹാറൻപൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു' എന്ന് എസ്എസ്പി രോ​ഹിത് സജ്വാൻ വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യോഗേഷ് രോഹില്ല കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു, എന്നാൽ അദ്ദേഹം തന്റെ അവസ്ഥ അയൽക്കാരുമായോ പ്രദേശത്തെ ആരുമായോ പങ്കുവെച്ചിരുന്നില്ലെന്നും റിപ്പോർട്ടുണ്ട്. കുറ്റകൃത്യം നടത്തിയ ശേഷം രോഹില്ല തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സംഭവ സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

Content Highlights  BJP Leader Shoots At Wife,3 Children In UP's Saharanpur 2 Killed

dot image
To advertise here,contact us
dot image