
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് രംഗത്തെത്തിയതിന് പിന്നാലെ ശശി തരൂരിന് വീണ്ടും കുരുക്കായി ബിജെപി നേതാവ് ബൈജയന്ത് ജയ് പാണ്ഡ്യെയുടെ പോസ്റ്റ്. ശശി തരൂരിനൊപ്പമുള്ള ഒരു സെൽഫി പങ്കുവെച്ച് ബിജെപി വൈസ് പ്രസിഡൻ്റ് കൂടിയായ ബൈജയന്തിൻ്റെ കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. 'നമ്മൾ ഒടുവിൽ ഒരേ ദിശയിലേക്ക് സഞ്ചരിക്കുകയാണെന്ന് പറഞ്ഞതിന് എന്റെ സഹയാത്രികനായ സുഹൃത്ത് എന്നെ വികൃതി എന്ന് വിളിച്ചു' എന്നായിരുന്നു ശശി തരൂരിനൊപ്പമുള്ള സെൽഫി പങ്കുവെച്ചു കൊണ്ടുള്ള ബൈജയന്തിൻ്റെ പോസ്റ്റ്.
ബൈജയന്ത് ജയ് പാണ്ഡ്യെയുടെ പോസ്റ്റിനോട് ശശി തരൂർ വളരെ വേഗം പ്രതികരിച്ചു. ഭുവനേശ്വർ വരെ മാത്രമാണ് താൻ ഒരു "സഹയാത്രികൻ എന്ന് പ്രതികരിച്ച ശശി തരൂർ നാളെ രാവിലെ കലിംഗ ലിറ്ററേച്ചർ ഫെസ്റ്റിൽ പ്രസംഗിക്കുമെന്നും വ്യക്തമാക്കി.
കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനൊപ്പം കഴിഞ്ഞ മാസം തരൂർ പോസ്റ്റ് ചെയ്ത സെൽഫി ചർച്ചയായിരുന്നു. ബ്രിട്ടനുമായി ദീർഘകാലമായി നിലച്ചുപോയ സ്വതന്ത്ര വ്യാപാര കരാർ (എഫ്‌ടിഎ) പുനരുജ്ജീവിപ്പിച്ചതിന് സർക്കാരിനെ പ്രശംസിച്ചു കൊണ്ടായിരുന്നു ഈ ഫോട്ടോ പങ്കുവെച്ചത്.
മാർച്ച് 19ന് പ്രധാനമന്ത്രിയെ പുകഴ്ത്തി ശശി തരൂർ രംഗത്ത് വന്നതും ചർച്ചയായിരുന്നു. യുക്രെയ്നും റഷ്യക്കും ഒരു പോലെ സ്വീകാര്യനായ വ്യക്തിയാണ് മോദിയെന്നും ലോക സമാധാനം സ്ഥാപിക്കുന്നതിൽ മുഖ്യപങ്കു വഹിക്കാൻ ഇന്ത്യക്ക് കഴിയുമെന്നുമായിരുന്നു തരൂരിൻ്റെ പ്രതികരണം, സംഘർഷത്തിൻറെ തുടക്കത്തിൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെ താൻ വിമർശിച്ചിരുന്നു. എന്നാൽ താൻ പറഞ്ഞത് തെറ്റായിപ്പോയി എന്നും ശശി തരൂർ കൂട്ടിച്ചേർത്തിരുന്നു. മോദിയുടെ നയത്തെ എതിർത്തത് അബദ്ധമായെന്നും തരൂർ ചൂണ്ടിക്കാണിച്ചിരുന്നു.
നേരത്തെ പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തെ പിന്തുണച്ചു കൊണ്ടും ശശി തരൂർ രംഗത്തെത്തിയിരുന്നു. അതേസമയം മോദിയെ പുകഴ്ത്തിയ ശശി തരൂരിന്റെ പരാമർശം ബിജെപി ഏറ്റെടുത്തിരുന്നു.
Content Highlights: BJP MP's 'mischievous' post on Shashi Tharoor Travelling in same direction