
ഭോപ്പാൽ : മധ്യപ്രദേശിൽ മരിച്ചെന്ന് കരുതി സംസ്കരിച്ച യുവതി രണ്ട് വർഷത്തിന് ശേഷം സ്വന്തം വീട്ടിലെത്തി. 2023-ൽ കൊല്ലപ്പെട്ടെന്ന് കരുതിയ 35 കാരിയായ ലളിതാ ഭായിയാണ് കഴിഞ്ഞദിവസം മന്ദ്‌സൗർ ജില്ലയിലെ തന്റെ വീട്ടിലെത്തിയത്. ലളിതാഭായിയെ കൊലപ്പെടുത്തിയെന്ന കേസിൽ നാല് പേർ ഇപ്പോഴും ജയിലിലാണ്. മകൾ മടങ്ങിയെത്തിയെന്ന വിവരം ഉടൻ തന്നെ പിതാവ് അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. സംഭവം സ്ഥിരീകരിച്ച ഗാന്ധി സാഗർ പൊലീസ് യുവതിയെ ചോദ്യം ചെയ്തതോടെയാണ് സംഭവത്തിലെ ദുരൂഹത പുറത്ത് വന്നത്.
2023ൽ താൻ നാട് വിട്ട് പോകുകയായിരുന്നു എന്നാണ് യുവതിയുടെ മൊഴി. പിന്നാലെ ഷാരൂഖ് എന്ന യുവാവിനെ പരിചയപ്പെട്ടെന്നും അയാൾ തന്നെ ഭാൻപുരയിൽ കൊണ്ടുപോയി 5 ലക്ഷം രൂപയ്ക്ക് മറ്റൊരു യുവാവിന് വിറ്റെന്നും യുവതി പൊലീസിന് മൊഴി നൽകി. രണ്ടാമത്തെ യുവാവ് തന്നെ രാജസ്ഥാനിലെ കോട്ടയിലേക്ക് കൊണ്ടുപോയെന്നും അവിടെ താൻ 18 മാസം താമസിച്ചെന്നുമാണ് ലളിത പറയുന്നത്. പുറംലോകവുമായി ബന്ധപ്പെടാൻ തനിക്ക് മറ്റൊരു മാർഗവുമില്ലായിരുന്നു. വീട്ടുകാരെ വിളിക്കാൻ മൊബൈൽ ഫോൺ പോലും തനിക്ക് അനുവദിച്ചിരുന്നില്ല എന്നും യുവതി പറയുന്നു. ഒടുവിൽ ആരും അറിയാതെ താൻ രക്ഷപ്പെട്ട് വീട്ടിലെത്തുകയായിരുന്നു എന്നാണ് ലളിതാ ഭായ് പൊലീസിനോട് വെളിപ്പെടുത്തിയത്. തന്റെ ആധാർ കാർഡും വോട്ടർ ഐഡിയും യുവതി പൊലീസിന് കൈമാറിയിട്ടുണ്ട്.
2023 ലാണ് ലളിതാ ഭായിയെ കാണ്മാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് പൊലീസിന് പരാതി നൽകിയത്. തുടർന്ന് തല ചതരഞ്ഞ് മുഖം വികൃതമായ നിലയിൽ ഒരു യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയിരുന്നു. ഇത് കാണാതായ ലളിതയുടേതാകാമെന്ന സംശയത്തിൽ പൊലീസ് വീട്ടുകാരെ വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം കണ്ട പിതാവ് കൈയ്യിലെ ടാറ്റൂവിൻ്റെയും കാലിൽ കെട്ടിയ കറുത്ത ചരടിൻ്റെയും അടിസ്ഥാനത്തിൽ ഇത് തങ്ങളുടെ മകളുടെ മൃതദേഹമാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ ലളിതാഭായിയുടെ അന്ത്യകർമ്മങ്ങൾ നടത്തി മൃതദേഹം സംസ്കരിക്കുകയായിരുന്നു.
പിന്നീട് കൊലപാതകത്തിന് പൊലീസ് കേസെടുക്കുകയായിരുന്നു. തുടർന്ന് ഇമ്രാൻ, ഷാരൂഖ് , സോനു, ഇജാസ് എന്നീ നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. വിചാരണ പൂർത്തിയായി ജയിലിൽ കഴിയുന്ന പ്രതികൾ, യുവതി വീണ്ടും ഹാജരായത് ചൂണ്ടിക്കാട്ടി പ്രാദേശിക കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. വിഷയത്തിൽ കോടതി വിവരങ്ങൾ ആരാഞ്ഞിട്ടുണ്ടെന്ന് ജാബുവ എസ്‌പി പത്മവിലോചൻ ശുക്ല പറഞ്ഞു. ആദ്യം യുവതിയുടെ വൈദ്യപരിശോധനയും ഡിഎൻഎ പരിശോധനയും നടത്തും. കൂടാതെ സാക്ഷികളുടെ മൊഴികൾ വീണ്ടും രേഖപ്പെടുത്തും. സമഗ്രമായ അന്വേഷണത്തിന് ശേഷം മാത്രമേ യുവതിയെ തിരിച്ചറിയാൻ സാധിക്കുകയുള്ളുവെന്നും പൊലീസ് പറഞ്ഞു.
Content highlights : Father Identifies Body With Crushed Head, Suspects In Jail, Then A Surprise