
ന്യൂഡൽഹി: രജപുത്ര രാജാവായ റാണ സംഗയെക്കുറിച്ചുള്ള സമാജ്‌വാദി പാർട്ടി നേതാവ് രാംജി ലാൽ സുമന്റെ പാർലമെന്റിലെ പരാമർശം വിവാദമാകുന്നു. രാംജി ലാൽ സുമൻ്റെ പരമാർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്ത്. ആഭ്യന്തര മന്ത്രാലയത്തെക്കുറിച്ചുള്ള ഒരു ചർച്ചയ്ക്കിടെ പതിനാറാം നൂറ്റാണ്ടിലെ രജപുത്ര ഭരണാധികാരിയായ റാണ സംഗയെ സുമൻ രാജ്യദ്രോഹി എന്ന് പരാമർശിച്ചതാണ് വിവാദമായിരിക്കുന്നത്.
ഇന്ത്യൻ മുസ്ലീങ്ങളുടെ ചരിത്രപരമ്പരയെക്കുറിച്ചുള്ള ബിജെപിയുടെ പ്രസ്താവനകളെ വിമശിച്ചു കൊണ്ടായിരുന്നു സുമൻ്റെ പരാമർശം. 'മുസ്ലീങ്ങൾക്ക് ബാബറിന്റെ ഡിഎൻഎ ഉണ്ടെന്ന് ബിജെപി നേതാക്കൾ പലപ്പോഴും പറയുന്നു. എന്നാൽ ഇന്ത്യൻ മുസ്ലീങ്ങൾ ബാബറിനെ അവരുടെ ആദർശ പുരുഷനായി കണക്കാക്കുന്നില്ല. വാസ്തവത്തിൽ, ബാബറിനെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത് ആരാണ്? ഇബ്രാഹിം ലോദിയെ പരാജയപ്പെടുത്താൻ അദ്ദേഹത്തെ ക്ഷണിച്ചത് റാണ സംഗയാണ്. ആ യുക്തി അനുസരിച്ച്, മുസ്ലീങ്ങൾ ബാബറിന്റെ പിൻഗാമികളാണെന്ന് നിങ്ങൾ അവകാശപ്പെടുന്നുണ്ടെങ്കിൽ, നിങ്ങളും രാജ്യദ്രോഹിയായ റാണ സംഗയുടെ പിൻഗാമികളാണ്. നമ്മൾ ബാബറിനെ വിമർശിക്കുന്നു, പക്ഷേ റാണ സംഗയെ വിമർശിക്കുന്നില്ല', എന്നായിരുന്നു സുമൻ്റെ പരാമർശം.
രജപുത്രരെ അപമാനിക്കുന്നതാണ് രാംജി ലാൽ സുമന്റെ പ്രസ്താവനയെന്നാണ് ബിജെപിയുടെ ആരോപണം. 'പ്രീണനത്തിന്റെ എല്ലാ പരിധികളും ലംഘിക്കുന്ന നിങ്ങളെയോർത്ത് ലജ്ജിക്കുന്നു. മഹാനായ യോദ്ധാവ് റാണ സംഗയെ പാർലമെന്റിൽ രാജ്യദ്രോഹി എന്ന് വിളിക്കുന്നത് രജപുത്ര സമൂഹത്തിനും മുഴുവൻ ഹിന്ദു സമൂഹത്തിനും കടുത്ത അപമാനമാണ്,' എന്നായിരുന്നു മുൻ ബിജെപി എംപി സഞ്ജീവ് ബല്യാൻ്റെ പ്രതികരണം. സുമന്റെ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം പങ്കിട്ടുകൊണ്ടായിരുന്നു ബല്യാൻ്റെ സോഷ്യൽ മീഡിയ വഴിയുള്ള പ്രതികരണം. സമാജ്‌വാദി പാർട്ടി രാജ്യത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപി എംപിമാരായ മനോജ് തിവാരി, പി പി ചൗധരി എന്നിവരും രാംജി ലാൽ സുമന്റെ പ്രസ്താവനയെ വിമർശിച്ച് രംഗത്ത് വന്നിട്ടുണ്ട്.
സിസോഡിയ രാജവംശത്തിൽ നിന്നുള്ള റാണ സംഗ 1508 മുതൽ 1528 വരെ മേവാർ ഭരിച്ച ഭരണാധികാരിയാണ്. ഡൽഹി സുൽത്താനേറ്റിനെതിരെ രജപുത്ര വംശജരെ ഒന്നിപ്പിച്ച ഭരണാധികാരിയെന്നാണ് റാണ സംഗ വിശേഷിപ്പിക്കപ്പെടുന്നത്. ചിറ്റോർ തലസ്ഥാനമാക്കി രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ ഭാഗങ്ങൾ വരെ വ്യാപിച്ച് കിടക്കുന്നതായിരുന്നു റാണ സംഗയുടെ ഭരണം.
Content Highlight: Samajwadi MP calls Rajput king Rana Sanga 'traitor', BJP says shame on you