
മുംബൈ: ബസ് ഓടിക്കുന്നതിനിടെ ഫോണിൽ ക്രിക്കറ്റ് മാച്ച് കണ്ട ഡ്രൈവറെ മഹാരാഷ്ട്ര റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ(എം എസ് ആർ ടി സി) പിരിച്ചുവിട്ടു. സംസ്ഥാനത്തെ ഗതാഗതമന്ത്രി പ്രതാപ് സർനായികിൻ്റെ നിർദേശപ്രകാരമാണ് നടപടി.
മാർച്ച് 22ന് മുംബൈ-പുനെ റൂട്ടിൽ ഓടുന്ന ഇ-ഷിവൻ്റി ബസിലെ ഡ്രൈവറാണ് ക്രിക്കറ്റ് മാച്ച് കണ്ട് ബസ് ഓടിച്ചത്. ബസിലെ യാത്രക്കാരൻ, ഡ്രൈവർ വീഡിയോ കണ്ടു കൊണ്ട് വാഹനം ഓടിക്കുന്ന ദൃശ്യം പകർത്തി ഗതാഗത മന്ത്രിക്ക് അയച്ചു നൽകുകയായിരുന്നു. ഒപ്പം അധികാരികളെ ടാഗ് ചെയ്തു കൊണ്ട് സാമൂഹ്യ മാധ്യമങ്ങളിലും പങ്കുവെച്ചു. തുടർന്ന് യാത്രക്കാർക്ക് സുരക്ഷാ ഭീഷണിയുണ്ടാക്കി അപകടകരമായ രീതിയിൽ വാഹനമോടിച്ച സ്വകാര്യ ബസ് ഡ്രൈവറെ ജോലിയിൽനിന്ന് പിരിച്ചുവിടുകയും 5,000 രൂപ പിഴ ചുമത്തുകയുമായിരുന്നു.
എംഎസ്ആർടിസി യുടെ കീഴിൽ വരുന്ന സ്വകാര്യ ബസ് സർവീസിലെ ഡ്രൈവർമാർക്ക് സ്ഥിരമായി പരിശീലനം നൽകേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് സർനായിക് പറഞ്ഞു. വാഹനമോടിക്കുന്നതിനിടയിൽ ഫോണിൽ വീഡിയോ കാണുന്നതു സംബന്ധിച്ച് ഓട്ടോ-ടാക്സി ഡ്രൈവർമാർക്കെതിരെയും മുൻപ് പരാതികൾ ഉയർന്നു വന്നിട്ടുണ്ടെന്നും, വരും ദിവസങ്ങളിൽ ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Content Highlight : Driving watching a cricket match; The driver was dismissed by the Maharashtra Road Transport Corporation