
ജയ്പൂർ: രാജസ്ഥാനിൽ പൊട്ടിയ വൈദ്യുതി കമ്പിയിൽ നിന്ന് പൊള്ളലേറ്റ് മൂന്നുപേർക്ക് ദാരുണാന്ത്യം. മോട്ടോർ സൈക്കിളിൽ വരവേ റോഡിൽ പൊട്ടിക്കിടന്ന ഹൈടെൻഷൻ വയറിൽ സ്പർശിച്ചതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. ജേതാറാം ദേവസി, പിതാറാം ദേവസി, കാലുറാം ദേവസി എന്നിവരാണ് മരണപ്പെട്ടത്.
രാജസ്ഥാനിലെ ഖിൻസ് വാറിലെ മുൻഡിയാട്-കഡ് ലുവിലാണ് അപകടമുണ്ടായത്. പൊട്ടിയ കമ്പിക്കു മുകളിലൂടെ വാഹനം കയറിയപ്പോൾ വൈദ്യുതി പ്രവഹിക്കുകയായിരുന്നു. അപകടത്തിൽ മോട്ടോർ സൈക്കിൾ പൂർണമായും കത്തിനശിച്ചു. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ അധികൃതരെ അറിയിച്ച് വൈദ്യുതി ബന്ധം വിഛേദിപ്പിച്ചു.
അപകടത്തിനു കാരണം അധികൃതരുടെ അനാസ്ഥയാണെന്നും അറ്റകുറ്റപണികൾക്കായി കോടികൾ ചെലവഴിച്ചിട്ടും ഹൈടെൻഷൻ വൈദ്യുതി ലൈനുകൾ താഴ്ന്ന നിലയിൽ തന്നെ കിടക്കുന്നതു കൊണ്ടാണ് അപകടം ഉണ്ടായതെന്നും നാഗ്പൂർ എം പി ഹനുമാൻ ബെനിവാൾ എക്സിൽ പ്രതികരിച്ചു. അസിസ്റ്റന്റ് എൻജിനീയറെ അറസ്റ്റ് ചെയ്യണമെന്നും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും എംപി ആവശ്യപ്പെട്ടു.
content highlights : Power line falls; three people met tragic end