ജഡ്ജിയുടെ വസതിയിൽ കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവം:ചീഫ് ജസ്റ്റിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ജഗ്ദീപ് ധൻകർ

കോടതി നിയോഗിച്ച സംഘത്തിന്റെ കണ്ടെത്തലുകള്‍ക്കായി കാത്തിരിക്കുകയാണെന്നും മുഴുവന്‍ വിവരങ്ങളും തങ്ങള്‍ പരിശോധിക്കുമെന്നും ധന്‍കര്‍

dot image

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തില്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നിലപാടിനെ സ്വാഗതം ചെയ്ത് രാജ്യസഭാ അധ്യക്ഷന്‍ ജഗദീപ് ധന്‍കര്‍. എല്ലാ വിവരങ്ങളും പുറത്ത് വിട്ടത് സ്വാഗതാര്‍ഹമാണെന്ന് ജഗദീപ് ധന്‍കര്‍ പറഞ്ഞു. ഇത് ജുഡീഷ്യറിയുടെ വിശ്വാസ്യത നിലനിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. കോടതി നിയോഗിച്ച സംഘത്തിന്റെ കണ്ടെത്തലുകള്‍ക്കായി കാത്തിരിക്കുകയാണെന്നും മുഴുവന്‍ വിവരങ്ങളും തങ്ങള്‍ പരിശോധിക്കുമെന്നും ധന്‍കര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം സുപ്രീം കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുന്നതിനാല്‍ യശ്വന്ത് വര്‍മയെ ചുമതലകളില്‍ നിന്ന് മാറ്റി. എന്നാല്‍ വസതിയില്‍നിന്ന് പണം കണ്ടെത്തിയിട്ടില്ലെന്ന് ആവര്‍ത്തിക്കുകയാണ് ജസ്റ്റിസ് യശ്വന്ത് വര്‍മ. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും തീപ്പിടിത്തം ഫയര്‍ഫോഴ്‌സിനെ അറിയിച്ചത് തന്റെ മകളും വസതിയിലെ ജീവനക്കാരുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അവരാരും ഇങ്ങനെയൊരു പണക്കൂട്ടം കണ്ടിട്ടില്ലെന്നും യശ്വന്ത് വര്‍മ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നല്‍കിയ മറുപടിയില്‍ വിശദീകരിക്കുന്നു.

മാര്‍ച്ച് 14-ന് രാത്രി 11.35നാണ് ജഡ്ജിയുടെ വീട്ടില്‍ തീപ്പിടിത്തമുണ്ടായത്. ഈ സമയം യശ്വന്ത് വര്‍മ വീട്ടിലുണ്ടായിരുന്നില്ല. കണക്കില്‍പ്പെടാത്ത 15 കോടി രൂപയാണ് കണ്ടെത്തിയതെന്നായിരുന്നു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. എന്നാല്‍ ജസ്റ്റിസ് വര്‍മയുടെ വസതിയില്‍ നിന്ന് അഗ്‌നിശമന സേനാംഗങ്ങള്‍ കത്തിക്കരിഞ്ഞ നോട്ടുചാക്കുകള്‍ കണ്ടിരുന്നില്ലെന്ന് നിലപാടെടുത്ത ഡല്‍ഹി അഗ്‌നിരക്ഷാസേന മേധാവി അതുല്‍ ഗാര്‍ഗ് നിലപാട് തിരുത്തി രംഗത്തെത്തിയതും വിവാദമായിരുന്നു. നോട്ടുനിറച്ച ചാക്കുകള്‍ കണ്ടെത്തിയിരുന്നില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നായിരുന്നു ഗാര്‍ഗ് വ്യക്തമാക്കിയത്.

Content Highlights: Jagdeep Dhankar appreciate Chief Justice on money found Delhi Judge Home

dot image
To advertise here,contact us
dot image