
ന്യൂഡല്‍ഹി: വിദ്യാഭ്യാസ മേഖലയുടെ പൂര്‍ണ നിയന്ത്രണം ആര്‍എസ്എസ് ഏറ്റെടുക്കുകയാണെങ്കില്‍ രാജ്യം തകരുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യാ സഖ്യത്തിലെ വിവിധ കക്ഷികള്‍ക്ക് അവരുടെ പ്രത്യയശാസ്ത്രങ്ങളിലും നയങ്ങളിലും വ്യതിയാനങ്ങളുണ്ടെങ്കിലും വിദ്യാഭ്യാസത്തിന്റെ ചട്ടക്കൂടുകള്‍ സംരക്ഷിക്കാന്‍ അചഞ്ചലമായി ഉറച്ചുനില്‍ക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ഇന്‍ഡ്യ സഖ്യത്തിലെ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
'ഒരു സംഘടന രാജ്യത്തിന്റെ ഭാവിയെയും വിദ്യാഭ്യാസ സമ്പ്രദായത്തെയും തകര്‍ക്കാന്‍ ശ്രമിക്കുന്നു. ആ സംഘടനയുടെ പേരാണ് രാഷ്ട്രീയ സ്വയംസേവക് സംഘ്. വിദ്യാഭ്യാസ സംവിധാനം അവരുടെ കൈകളിലായാല്‍ പതുക്കെ ഈ രാജ്യം നശിക്കും. ആര്‍ക്കും ജോലി ലഭിക്കാതെ രാജ്യം ഇല്ലാതാകും', രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇന്ത്യയിലെ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ ആര്‍എസ്എസ് ആധിപത്യം പുലര്‍ത്തുന്നുവെന്ന് വിദ്യാര്‍ത്ഥികളോട് പറഞ്ഞുകൊടുക്കണമെന്ന് വിദ്യാര്‍ത്ഥി സംഘടനകളോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നമുക്ക് ഒരിക്കലും വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്നും ഒരുമിച്ച് ആര്‍എസ്എസിനെ തോല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റില്‍ മഹാകുംഭമേളയെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി തൊഴിലില്ലായ്മ, പണപ്പെരുപ്പം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ച് ഒരു വാക്കുപോലും മിണ്ടിയില്ലെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
Content Highlights: Rahul Gandhi says if RSS take education system India will be destroyed