
ന്യൂഡല്‍ഹി: നോട്ടീസ് നല്‍കി 24 മണിക്കൂറിനകം വീടുകള്‍ പൊളിച്ചത് ഞെട്ടിക്കുന്നുവെന്ന് സുപ്രീംകോടതി. ഉടമകള്‍ക്ക് അപ്പീല്‍ നല്‍കാനുള്ള സമയം പോലും നല്‍കാതെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വീടുകള്‍ പൊളിച്ചു കളയുന്നതെന്നും സുപ്രീം കോടതി കുറ്റപ്പെടുത്തി. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെ വീടുകള്‍ പുനര്‍ നിര്‍മ്മിക്കാനും സുപ്രീം കോടതി അനുമതി നല്‍കി.
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിയമ നടപടിക്രമങ്ങള്‍ പാലിക്കാതെ പൊളിച്ച അഭിഭാഷകന്റെയും പ്രൊഫസറുടെയും മറ്റ് മൂന്ന് പേരുടെയും വീട് പണിയാനുള്ള അനുമതി നല്‍കവേയാണ് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. ജസ്റ്റിസ് അഭയ് എസ് ഒക, ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.
വീട് പൊളിച്ചതിനെതിരെയുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് അഭിഭാഷകന്‍ സുല്‍ഫിക്കര്‍ ഹൈദര്‍, പ്രൊഫസര്‍ അലി അഹ്‌മദ് തുടങ്ങിയവരടക്കം ഹര്‍ജി സമര്‍പ്പിച്ചത്. ഒരു ശനിയാഴ്ച രാത്രി നോട്ടീസ് നല്‍കുകയും പിറ്റേന്ന് വീടുകള്‍ പൊളിക്കുകയുമായിരുന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നു. 2023ല്‍ കൊല്ലപ്പെട്ട ഗുണ്ടാനേതാവും, രാഷ്ട്രീയ നേതാവുമായ ആതിക് അഹമ്മദുമായി തങ്ങളുടെ സ്വത്തിനെ സര്‍ക്കാര്‍ ബന്ധപ്പെടുത്തിയെന്നും ഹര്‍ജിക്കാര്‍ പറയുന്നു.
എന്നാല്‍ അറ്റോണി ജനറല്‍ ആര്‍ വെങ്കട്ടരമണി ഹര്‍ജിക്കാരുടെ വാദം എതിര്‍ത്ത് രംഗത്തെത്തി. 2020 ഡിസംബര്‍ എട്ടിന് ഇവര്‍ക്ക് ആദ്യത്തെ നോട്ടീസ് നല്‍കിയെന്നും പിന്നീട് 2021 ജനുവരിയിലും മാര്‍ച്ചിലും നോട്ടീസ് നല്‍കിയെന്നും വെങ്കട്ടരമണി പറഞ്ഞു. എന്നാല്‍ അപ്പീലുകള്‍ സമര്‍പ്പിക്കാന്‍ ഉടമകള്‍ക്ക് മതിയായ സമയം നല്‍കാന്‍ നീതിപൂര്‍വമായ ഇടപെടല്‍ സര്‍ക്കാര്‍ നടത്തണമെന്ന് സുപ്രീം കോടതി പറഞ്ഞു.
Content Highlights: Supreme Court against UP Government on Demolition process