
കൃഷ്ണഗിരി: പാർട്ടിയുടെ കൊടിമരം നീക്കം ചെയ്യുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. കെ. രാമമൂർത്തി (53) ആണ് മരിച്ചത്. പരിക്കേറ്റ നാല് പേരും 49നും 58നും ഇടയിൽ പ്രായമുള്ളവരാണ്. പരിക്കേറ്റ നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലാണ് സംഭവം.ഉത്തർഗരായിൽ കെത്തനായിക്കൻപെട്ടിയിൽ തിങ്കളാഴ്ച രാവിലെ ഡിഎംകെ പ്രവർത്തകർ സ്വന്തം പാർട്ടിയുടെ കൊടിമരം നീക്കം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ദേശീയ പാതകൾക്ക് സമീപമുള്ള പാർട്ടി കൊടിമരങ്ങൾ നീക്കം ചെയ്യണമെന്ന് അടുത്തിടെ മദ്രാസ് ഹൈക്കോടതി അടുത്തിടെ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ തങ്ങളുടെ പാർട്ടിയുടെ കൊടിമരണങ്ങളെല്ലാം എത്രയും വേഗം നീക്കണമെന്ന് ഡിഎംകെ ജനറൽ സെക്രട്ടറി ദുരൈ മുരുകൻ പാർട്ടി പ്രവർത്തകരോട് നിർദേശിച്ചിരുന്നു.
കൊടിമരങ്ങൾ നീക്കിയ ശേഷം പാർട്ടി ആസ്ഥാനത്ത് അറിയിക്കാനായിരുന്നു പ്രവർത്തകരോടുള്ള നിർദേശം. ഇതനുസരിച്ച് തിങ്കളാഴ്ച രാവിലെ 8.40ഓടെയാണ് കെത്തനായിക്കൻപെട്ടിയിലെ അഞ്ച് ഡിഎംകെ പ്രവർത്തകർ പ്രദേശത്ത് സ്ഥാപിച്ചിരുന്ന 20 അടി ഉയരമുള്ള കൊടിമരം നീക്കം ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇതിനിടെ വൈദ്യുതി കമ്പിയിൽ കൊടിമരം തട്ടിയാണ് അഞ്ച് പേർക്കും പരിക്കേറ്റത്. ഓടിക്കൂടിയ നാട്ടുകാർ അഞ്ച് പേരെയും ഉത്തൻഗരായിലെ ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് മരണപ്പെടുകയായിരുന്നു. മറ്റുള്ളവരെല്ലാം ചികിത്സയിലാണ്. ഇവർ ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ലെന്നാണ് റിപ്പോട്ടുകൾ. ശിംഗാരപ്പേട്ടൈ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Content Highlight : While removing the party flag, it hit a power line; One died, four injured