ഭർത്താവിന് വിവാഹേതര ബന്ധം; ബെം​ഗളൂരുവിൽ ഭാര്യയും ഭാര്യാമാതാവും ചേർന്ന് യുവാവിനെ കൊലപ്പെടുത്തി

ഭക്ഷണത്തിൽ ഉറക്ക ഗുളിക കലർത്തി നൽകിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു

dot image

ബെംഗളൂരു: വിവാഹേതര ബന്ധം ആരോപിച്ച് ബെംഗളൂരുവിൽ 37 കാരനെ ഭാര്യയും ഭാര്യമാതാവും ചേർന്ന് കൊലപ്പെടുത്തി. റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരനായ ലോക്നാഥ് സിങിനെയാണ് ഭാര്യ യശ്വസിനിയും മാതാവ് ഹേമ ഭായിയും ചേർന്ന് കൊലപ്പെടുത്തിയത്. ഭക്ഷണത്തിൽ ഉറക്ക ഗുളിക കലർത്തി നൽകിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

യശ്വസിനിയുടെ വീട്ടിൽ ലോക്നാഥുമായുള്ള ബന്ധം അംഗീകരിച്ചിരുന്നില്ല. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസമായിരുന്നു അവർ കണ്ടെത്തിയ പ്രശ്നം. ഇതോടെ യശ്വസിനിയും ലോക്നാഥും ബന്ധം രഹസ്യമായി സൂക്ഷിച്ചു. 2024 ൽ കുടുംബാംഗങ്ങൾ അറിയാതെ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. ഇതിന് ശേഷം യശ്വസിനി സ്വന്തം വീട്ടിൽ തന്നെ തുടരുകയും ചെയ്തു. എന്നാൽ രണ്ടാഴ്ച മുൻപ് യശ്വസിനിയുടെ കുടുംബം വിവരം അറിഞ്ഞു.

ഈ സമയം തന്നെയാണ് ലോക്നാഥിൻ്റെ വിവാഹേതര ബന്ധങ്ങളെക്കുറിച്ചും നിയമ വിരുദ്ധമായ ബിസിനസുകളെപ്പറ്റിയും യശ്വസിനി അറിയുന്നത്. ഇത് ചോദ്യം ചെയ്തപ്പോൾ ലോക്നാഥ് യശ്വസിനിയേയും മാതാവിനേയും ഭീഷണിപ്പെടുത്തി. ഇതോടെ ലോക്നാഥിനെ കൊലപ്പെടുത്താൻ ഇരുവരും ചേർന്ന് പദ്ധതിയിട്ടു.

തനിക്ക് കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് യശ്വസിനി ലോക്നാഥിനെ കാറിൽ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുവന്നു. ഇതിന് തൊട്ടു മുൻപായി ലോക്നാഥിന് യശ്വസിനി ഭക്ഷണത്തിൽ ഉറക്ക ഗുളിക കലർത്തി നൽകിയിരുന്നു. ഈ സമയം കാറിനെ പിന്തുടർന്ന് ഹേമ ഭായി ഓട്ടോയിൽ സ്ഥലത്തെത്തി. പിന്നാലെ യശ്വസിനിയും മാതാവും ചേർന്ന് കൊലപാതകം നടത്തുകയായിരുന്നു. ഏറെ നേരമായി കാർ സ്ഥലത്ത് നിർത്തിയിട്ടിരിക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്.

Content Highlights- Husband's extramarital affairs; Wife and mother-in-law kill young man in Bengaluru

dot image
To advertise here,contact us
dot image