ജയലളിതക്കായി സ്വയം കുരിശിലേറിയ ആരാധകൻ; നടനും കരാട്ടെ വിദഗ്ധനുമായ ഷിഹാൻ ഹുസൈനി അന്തരിച്ചു

തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ കടുത്ത ആരാധകന്‍ എന്ന നിലയിൽ ഏറെ ശ്രദ്ധേയനായ വ്യക്തിയാണ് ഷിഹാൻ ഹുസൈനി

dot image

ചെന്നൈ: തമിഴ് നടനും കരാട്ടെ വിദഗ്ധനുമായ ഷിഹാന്‍ ഹുസൈനി അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. രക്താർബുദത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. അദ്ദേഹത്തിന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെ കുടുംബമാണ് മരണവിവരം അറിയിച്ചത്. ചെന്നൈ ബസന്ത് നഗറിലുള്ള വസതിയിലെ പൊതുദർശനത്തിനു ശേഷം മൃതദേഹം തുടർന്ന് ഷിഹാൻ ഹുസൈനിയുടെ ആഗ്രഹപ്രകാരം മെഡിക്കൽ വിദ്യാർഥികൾക്കു പഠനത്തിനായി വിട്ടുനൽകും.

ഏറെ നാളുകളായി ഹുസൈനി ‘ഹു’ രക്താര്‍ബുദത്തോട് മല്ലിടുകയായിരുന്നു. തന്റെ ആരോഗ്യസ്ഥിതി തുടര്‍ച്ചയായി അദ്ദേഹം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. തുടര്‍ന്ന് ഹുസൈനിയുടെ ചികിത്സയ്ക്കായി തമിഴ്‌നാട് സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ സഹായധനം അനുവദിച്ചിരുന്നു.

1986-ൽ കമല്‍ ഹാസന്റെ പുന്നഗൈ മന്നനിലൂടെയാണ് അദ്ദേഹം സിനിമയിലെത്തിയത്. രജനികാന്ത് നായകനായ വേലൈക്കാരന്‍, ബ്ലഡ് സ്റ്റോണ്‍, വിജയ് നായകനായ ബദ്രി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. വിജയ് സേതുപതി നായകനായെത്തിയ കാത്തുവാക്കിലെ രണ്ടു കാതലാണ് അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രങ്ങളിലൊന്ന്.

തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ കടുത്ത ആരാധകന്‍ എന്ന നിലയിൽ ഏറെ ശ്രദ്ധേയനായ വ്യക്തിയാണ് ഷിഹാൻ ഹുസൈനി. 2015ൽ തമിഴ്നാട്ടിൽ ജയലളിത അധികാരത്തിൽ തിരിച്ചെത്തിയപ്പോൾ സ്വയം കുരിശിലേറി ഷിഹാൻ വാർത്തകളിൽ നിറഞ്ഞിരുന്നു. ആറിഞ്ച് നീളമുള്ള ആണികളായിരുന്നു ഹുസൈനിയുടെ പാദങ്ങളിലും കൈത്തലങ്ങളിലും അടിച്ചുകയറ്റിയിരുന്നത്. 2005ൽ ജയലളിതയുടെ 56ാം ജന്മദിനത്തിൽ സ്വന്തം രക്തം കൊണ്ടു ജയലളിതയുടെ 56 ചിത്രങ്ങൾ വരച്ചും ഹുസൈനി ശ്രദ്ധ നേടിയിരുന്നു.

Content Highlights: Shihan Hussaini, actor and karate instructor passed away

dot image
To advertise here,contact us
dot image