
ചെന്നൈ: തമിഴ്‌നാട്ടിൽ ബിജെപിയുമായി വീണ്ടും കൂട്ടുകൂടാൻ അണ്ണാ ഡിഎംകെ. സഖ്യസാധ്യത തുറന്നിട്ട് ബിജെപി ദേശീയ നേതൃത്വവുമായി അണ്ണാ ഡിഎംകെ കൂടിക്കാഴ്ച നടത്തി. അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനി സ്വാമി( ഇപിഎസ്)യും അമിത്ഷായും തമ്മിൽ ഡൽഹിയിൽ വെച്ചായിരുന്നു കൂടികാഴ്ച. അടുത്ത വർഷം തിരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യം സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന് എടപ്പാടി പളനി സ്വാമി ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെ-ബിജെപി സഖ്യം നിലവിൽ വരികയും ബിജെപി സംസ്ഥാന നേതൃത്വവുമായുളള ഭിന്നതയെ തുടർന്ന് 2023-ൽ സഖ്യം പൊളിയുകയുമായിരുന്നു. ഡിഎംകെക്കെതിരെ തമിഴ്‌നാട്ടിൽ ഒറ്റയ്ക്ക് പൊരുതാനാവാത്ത സാഹചര്യം മനസിലാക്കിയാണ് അണ്ണാ ഡിഎംകെ വീണ്ടും സഖ്യ സാധ്യത തേടിയിറങ്ങിയിരിക്കുന്നത്.
അമിത് ഷായുമായി നടത്തിയ 40 മിനിറ്റ് കൂടിക്കാഴ്ചയിൽ ത്രിഭാഷാ നയം മയപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. തമിഴ്നാട് ബിജെപി നേതാക്കൾ ത്രിഭാഷാ നയത്തിൽ സൂഷ്മതയോടെ സംസാരിക്കണമെന്ന ആവശ്യവും മുന്നോട്ടു വെച്ചിട്ടുണ്ട്.
ആവശ്യങ്ങൾ അമിത് ഷാ അംഗീകരിച്ചതായി അണ്ണാ ഡിഎംകെ അവകാശപ്പെട്ടു.
Content Highlights: AIADMK's Palaniswami meets BJP's Amit Shah