ജമ്മുകശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് വീരമൃത്യു

ഇനിയും തീവ്രവാദികൾ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

dot image

ശ്രീന​ഗർ: ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ സുരക്ഷാസേനയും ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് പൊലീസുകാർക്ക് വീരമൃത്യു. താരിഖ് അൻവർ,ജസ്വന്ത് സിംഗ്, ബൽവീന്ദർ സിംഗ് എന്നിവരാണ് മരിച്ചത്. അഞ്ച് സുരക്ഷാസേന ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. വെടിവെയ്പ്പിൽ രണ്ട് ഭീകരരെയും സുരക്ഷാസേന വധിച്ചു. ഇനിയും തീവ്രവാദികൾ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാസേന തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

അഞ്ച് ഭീകരരെ കൂടി കണ്ടെത്താനുണ്ടെന്നാണ് സൂചന. ഹിരാനഗർ സബ്ഡിവിഷനിലെ വന മേഖലയിലാണ് വെടിവയ്പ്പുണ്ടായത്.ജാഖോലെ ഗ്രാമത്തിന് സമീപം ഭീകരരുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെയാണ് ഏറ്റുമുട്ടലുണ്ടായത്. നാലുദിവസമായി കത്വയിൽ ഭീകരരും സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.കരസേന, ദേശീയ സുരക്ഷാ സേന, അതിർത്തി സുരക്ഷാ സേന, പൊലീസ്, സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ്, സെൻട്രൽ റിസർവ് പൊലീസ് തുടങ്ങിയ സേനാം​ഗങ്ങൾ സംയുക്തമായി കഴിഞ്ഞ നാല് ദിവസമായി പ്രദേശത്ത് തിരച്ചിൽ നടത്തിവരികയായിരുന്നു.

ഞായറാഴ്ച ജില്ലയിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയ അതേ സംഘത്തിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ട ഭീകരർ എന്നാണ് നിഗമനം. ആറോളം ഭീകരർ ഉൾപ്പെട്ട ഈ സംഘം പാകിസ്ഥാനിൽ നിന്ന് കടന്നതായാണ് സംശയിക്കുന്നത്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ഭീകരരുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. അന്താരാഷ്ട്ര അതിർത്തിക്ക് സമീപം സാനിയാൽ ഗ്രാമത്തിനടുത്തുള്ള വനത്തിലായാണ് ഭീകരരെ ആദ്യം കണ്ടത്. ഭീകരർക്ക് സഹായം നൽകിയതായി സംശയിക്കുന്ന ഏഴു പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ, ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ, സ്നിഫർ നായ്ക്കൾ എന്നിവയുടെ പിന്തുണയോടെയാണ് ഓപ്പറേഷൻ പുരോ​ഗമിക്കുന്നത്.

Content highlights : 3 Cops Killed In Action, 2 Terrorists Shot Dead During Encounter In J&K

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us