
ന്യൂഡല്‍ഹി: ജസ്റ്റിസ് യശ്വന്ത് വർമയുടെ വീട്ടിൽനിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഫയർഫോഴ്സ് തീ അണച്ച ശേഷം ജസ്റ്റിസിൻ്റെ വസതിയിൽ ഒരു സ്ത്രീ എത്തിയിരുന്നതായും സംഭവം സമയത്ത് അവിടെ ഉണ്ടായിരുന്ന ദില്ലി പൊലീസുമായി ഇവർ സംസാരിച്ചിരുന്നതായും കണ്ടെത്തൽ. സ്റ്റോർ റൂമില്‍ സൂക്ഷിച്ചിരുന്ന പണം ഇവരുടെ കാറിൽ മറ്റൊരിടത്തേക്ക് മാറ്റിയെന്നാണ് സൂചന.
ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍ തീപിടിച്ചിരുന്നു. തീ അണയ്ക്കാന്‍ എത്തിയ ഫയര്‍ഫോഴ്‌സ് അംഗങ്ങളാണ് വീട്ടില്‍ കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയത്. തുടര്‍ന്ന് സര്‍ക്കാര്‍ ഇക്കാര്യം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ അറിയിക്കുകയായിരുന്നു.
ഫുള്‍ കോര്‍ട്ട് യോഗത്തില്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിഷയം ധരിപ്പിച്ചിരുന്നു. ജസ്റ്റിസ് യശ്വന്ത് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മടക്കിയയക്കാനുള്ള കൊളീജിയം തീരുമാനവും ചീഫ് ജസ്റ്റിസ് യോഗത്തെ അറിയിച്ചു. ഇതിനിടെ യശ്വന്ത് വര്‍മയ്‌ക്കെതിരെ കടുത്ത നടപടി വേണമെന്ന് ചില ജഡ്ജിമാര്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് ആഭ്യന്തര അന്വേഷണത്തിന് ഫുള്‍ കോര്‍ട്ട് യോഗം തീരുമാനമെടുത്തത്. ആഭ്യന്തര അന്വേഷണത്തിന് സുപ്രീം കോടതിയിലെ ഒരു ജഡ്ജി നേതൃത്വം നല്‍കും. രണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും ആഭ്യന്തര അന്വേഷണ സമിതിയില്‍ അംഗമായിരിക്കും.
Content Highlight: woman arrived at the justice yaswanth varma residence transferred the money to another location