
ന്യൂഡല്‍ഹി: സ്കൂളിൽ ഫീസ് അടയ്ക്കാത്തതിനാൽ അധികൃതർ പരീക്ഷയെഴുതാൻ അനുവദിക്കാതിരുന്നതിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢ് ജില്ലയിലാണ് സംഭവം. ഒന്‍പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ജീവനൊടുക്കിയത്.
സ്‌കൂളിൽ ഫീസ് അടയ്ക്കാത്തതിനാല്‍ മകളെ പരീക്ഷ എഴുതാന്‍ അധികൃതര്‍ അനുവദിച്ചില്ലെന്നും ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകി. 800 രൂപ ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ സ്‌കൂള്‍ മാനേജര്‍ സന്തോഷ് കുമാര്‍ യാദവ്, പ്രിന്‍സിപ്പൽ രാജ്കുമാര്‍ യാദവ്, ദീപക് സരോജ് എന്ന ജീവനക്കാരൻ എന്നിവര്‍ ചേർന്ന് മകളെ പരസ്യമായി അപമാനിച്ചുവെന്നും അമ്മ പരാതിയിൽ ചൂണ്ടിക്കാട്ടി.
പരീക്ഷ എഴുതാന്‍ സാധിക്കാത്തതില്‍ മനംനൊന്താണ് മകള്‍ വീട്ടിലെത്തിയത്. താൻ ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ മകളെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നും അമ്മ പരാതിയില്‍ പറയുന്നു. സ്‌കൂള്‍ ഫീസായ 1,500 രൂപ മുന്‍പ് അടച്ചിരുന്നു. 800 രൂപ മാത്രമാണ് ബാക്കി ഉണ്ടായിരുന്നതെന്നും പരാതിയിൽ പറയുന്നുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlight : Failed to appear for examination due to non-payment of fee of Rs.800; Student commits suicide in Uttar Pradesh