
നാഗ്പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി നാഗ്പൂരിലെ ആർഎസ്‌എസ് ഓഫീസിൽ പോയത് മോഹൻ ഭാഗവതിനെ വിരമിക്കൽ അറിയിക്കാനാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. അടുത്ത പ്രധാനമന്ത്രി മഹാരാഷ്ട്രയിൽ നിന്നായിരിക്കുമെന്നും സഞ്ജയ് റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു.
"പ്രധാനമന്ത്രി മോദി വിരമിക്കൽ പ്രഖ്യാപിക്കാനാണ് ആർഎസ്‌എസ് ഓഫീസിലേക്ക് പോയത്. എന്റെ അറിവിൽ 10-11 വർഷത്തിനിടെ അദ്ദേഹം ഒരിക്കലും ആർഎസ്‌എസ് ആസ്ഥാനം സന്ദർശിച്ചിട്ടില്ല", അദ്ദേഹം പറഞ്ഞു. അടുത്ത നേതാവ് മഹാരാഷ്ട്രയിൽ നിന്നായിരിക്കുമെന്നാണ് തനിക്ക് അറിയാനായത്. 2029-ലെ തിരഞ്ഞെടുപ്പിന് മുൻപ് മോദി വിരമിക്കുന്നുവെന്നാണ് സൂചനയെന്നും സഞ്ജയ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് നരേന്ദ്ര മോദി നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്തെത്തിയത്. ആർഎസ്എസ് സ്ഥാപകൻ ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ സ്മൃതി മന്ദിരത്തിൽ നരേന്ദ്രമോദി പുഷ്പാർച്ചന നടത്തി. ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും ഒപ്പമുണ്ടായിരുന്നു. രാവിലെ നാഗ്പൂർ വിമാനത്താവളത്തിലെത്തിയ മോദിയെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമാണ് സ്വീകരിച്ചത്. രാജ്യസേവനത്തിന് ആർഎസ്എസ് എന്നും പ്രചോദനമാണെന്നായിരുന്നു മോദിയുടെ പ്രതികരണം. നാഗ്പൂരിലെ കൂടിക്കാഴ്ച ചരിത്രപരമെന്ന് ആർഎസ്എസ് നേതൃത്വവും വിശേഷിപ്പിച്ചു.
Content Highlights: Sanjay Raut claims PM announced retirement at RSS office