
മംഗളൂരു: ധനകാര്യസ്ഥാപനത്തിലെ കവർച്ചാ ശ്രമത്തിനിടെ രണ്ട് മലയാളികൾ പിടിയിൽ. ഇടുക്കി രാജമുടി സ്വദേശി മുരളി (55), കാഞ്ഞങ്ങാട് അനത്തലെ വീട്ടിൽ ഹർഷാദ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊണാജെ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഡെർലക്കട്ടെ ജംഗ്ഷന് സമീപമുള്ള മുത്തൂറ്റ് ഫിനാൻസിൽ മാർച്ച് 29-ന് രാത്രിയാണ് കവർച്ചാ ശ്രമം നടന്നത്. മോഷ്ടാക്കൾ പൂട്ടുകൾ തകർക്കാൻ ശ്രമിക്കുന്നതിനിടെ ധനകാര്യ കമ്പനിയുടെ സൈറൺ മുഴങ്ങുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. ഒരാൾ രക്ഷപ്പെട്ടു.
പുലർച്ചെ മൂന്ന് മണിയോടെ മുത്തൂറ്റ് ഫിനാൻസ് ബ്രാഞ്ചിന്റെ വാതിൽ ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് തകർക്കാൻ ശ്രമിക്കുകയായിരുന്നു പ്രതികൾ. സുരക്ഷാ അലാറം മുഴങ്ങിയതോടെ ധനകാര്യ കമ്പനിയുടെ കൺട്രോൾ റൂമിലേക്ക് അലേർട്ട് ലഭിച്ചു. മുത്തൂറ്റ് ഫിനാൻസിലെ ഉദ്യോഗസ്ഥർ ഉടൻ തന്നെ പൊലീസിനെ അറിയിച്ചു. ആ സമയത്ത്, കെഎസ് ഹെഗ്‌ഡെ ആശുപത്രിക്ക് സമീപം പട്രോളിംഗ് നടത്തുകയായിരുന്ന കൊണാജെ പൊലീസ് സംഭവസ്ഥലത്തേക്ക് എത്തുകയയിരുന്നു.
സൈറൺ മുഴങ്ങിയപ്പോഴേക്കും പ്രദേശവാസികളും പരിസരത്ത് തടിച്ചുകൂടി. തുടർന്ന് പ്രതികളെ കെട്ടിടത്തിനുള്ളിൽ പൂട്ടിയിട്ടു. പിന്നീട് പ്രദേശവാസികളുടെ സഹായത്തോടെ പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. കുറ്റകൃത്യത്തിന് ഉപയോഗിച്ച ഡ്രില്ലിംഗ് മെഷീനും പൊലീസ് പിടിച്ചെടുത്തു.
അതേസമയം, മൂന്നാമത്തെ പ്രതിയായ കാസർകോട് സ്വദേശി അബ്ദുൾ ലത്തീഫ് രക്ഷപ്പെട്ടു. എസിപി ധന്യ നായകും കൊണാജെ ഇൻസ്പെക്ടർ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘവും കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തി. ചോദ്യം ചെയ്യലിൽ, അറസ്റ്റിലായവർ കേരളത്തിലെ ഒരു ബാങ്ക് കവർച്ചയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും വ്യക്തമായിട്ടുണ്ട്.
Content Highlights: two Malayalis arrested in Attempted robbery at Muthoot Finance near Derlakatte