
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കൊവിഡ് വാക്‌സിന്‍ നയത്തെ പുകഴ്ത്തിയ ശശി തരൂര്‍ എംപിയുടെ ലേഖനത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കടുത്ത അതൃപ്തിയില്‍. ശശി തരൂര്‍ എടുക്കുന്ന നിലപാടുകള്‍ കേന്ദ്ര സര്‍ക്കാരിന് എതിരായ പോരാട്ടത്തിന്റെ മുന ഒടിക്കുന്നതെന്നാണ് വിലയിരുത്തല്‍. വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. അതിനാല്‍ പരസ്യ പ്രതികരണത്തിലേക്ക് കടക്കേണ്ടതില്ലെന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം. കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പ് വരെ തരൂരിനെതിരെ നടപടി ഉണ്ടായേക്കില്ല എന്നാണ് സൂചന.
കഴിഞ്ഞ ദിവസം ദി വീക്കില്‍ എഴുതിയ ലേഖനത്തിലായിരുന്നു കേന്ദ്രത്തെ പുകഴ്ത്തുന്ന ശശി തരൂരിന്റെ പരാമര്‍ശം. കൊവിഡ് കാലത്തെ വാക്‌സിന്‍ കയറ്റുമതിയിലൂടെ ഇന്ത്യയുടെ ആഗോള പ്രതിച്ഛായ ഉയര്‍ന്നുവെന്നാണ് തരൂര്‍ അഭിപ്രായപ്പെട്ടത്. കൊവിഡ് കാല ഭീകരതകളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നതാണ് ഇന്ത്യയുടെ അന്നത്തെ വാക്സിന്‍ നയതന്ത്രം. ഉത്തരവാദിത്തത്തിലും ഐക്യദാര്‍ഢ്യത്തിലും വേരൂന്നിയ അന്താരാഷ്ട്ര നേതൃത്വത്തിന്റെ ശക്തമായ ഉദാഹരണമായിരുന്നു അതെന്നും ലേഖനത്തില്‍ തരൂര്‍ പറഞ്ഞു.
കൊവിഡ് കാലത്ത് 100-ല്‍ അധികം രാജ്യങ്ങള്‍ക്ക് വാക്സിനുകള്‍ നല്‍കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടപ്പാക്കിയ സംരംഭമാണ് വാക്സിന്‍ മൈത്രി. ഇതിനെയാണ് ലേഖനത്തിലൂടെ തരൂര്‍ പുകഴ്ത്തിയത്. യുക്രെയ്‌നും റഷ്യക്കും ഒരു പോലെ സ്വീകാര്യനായ വ്യക്തിയാണ് മോദിയെന്നും ലോക സമാധാനം സ്ഥാപിക്കുന്നതില്‍ മുഖ്യപങ്കു വഹിക്കാന്‍ ഇന്ത്യക്ക് കഴിയുമെന്നും തരൂര്‍ നേരത്തേ പറഞ്ഞത് വലിയ വിവാദമായിരുന്നു. സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെ താന്‍ വിമര്‍ശിച്ചിരുന്നു. പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെയും ശശി തരൂര്‍ പിന്തുണച്ചിരുന്നു. വ്യവസായമേഖലയില്‍ കേരളം കൈവരിച്ച നേട്ടത്തെ പുകഴ്ത്തിയുള്ള തരൂരിന്റെ ലേഖനവും വലിയ വിവാദമായിരുന്നു.
Content Highlights: High command unhappy with Shashi Tharoor's article praising the Centre Vaccine export