'ദേശീയ തലത്തിൽ പാർട്ടി വളരാൻ കേരളത്തിൽ മൂന്നാം ഭരണം അനിവാര്യം': സിപിഐഎം രാഷ്ട്രീയ അവലോകന റിപ്പോർട്ട്

ത്രിപുരയിലും പശ്ചിമ ബംഗാളിലും വീണ്ടും അധികാരത്തിലെത്താനുള്ള സാധ്യത പാര്‍ട്ടിക്ക് മുന്നിലുണ്ടെന്ന് റിപ്പോർട്ടിലുണ്ട്

dot image

മധുര: ദേശീയ തലത്തില്‍ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് കേരളത്തില്‍ മൂന്നാം ഭരണം അനിവാര്യമെന്ന് സിപിഐഎം രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ട്. തുടര്‍ ഭരണം ദേശീയതലത്തില്‍ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണെന്ന് രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ ഭരണത്തിന് പാര്‍ട്ടിയില്‍ യോജിച്ച പ്രവര്‍ത്തനം വേണം. ഇന്‍ഡ്യാ സഖ്യത്തെ നിര്‍ജീവമാക്കിയത് കോണ്‍ഗ്രസാണെന്നും രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ടിലുണ്ട്.

മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഐഎം പൊളിറ്റ് ബ്യൂറോ കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ടാണ് രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ത്രിപുരയിലും പശ്ചിമ ബംഗാളിലും വീണ്ടും അധികാരത്തിലെത്താനുള്ള സാധ്യത പാര്‍ട്ടിക്ക് മുന്നിലുണ്ടെന്ന് റിപ്പോർട്ടിലുണ്ട്. രണ്ട് സംസ്ഥാനങ്ങളിലും പാര്‍ട്ടിയുടെ അടിത്തറ തകര്‍ന്നിട്ടില്ല. പശ്ചിമ ബംഗാളില്‍ പാര്‍ട്ടിയെ അടിസ്ഥാന തട്ടില്‍ വളര്‍ത്തിയെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ടിന് പുറമേ കരട് രാഷ്ട്രീയ പ്രമേയവും പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും വന്ന ഭേദഗതികള്‍ ഉള്‍ക്കൊള്ളുന്നതാണ് കരട് രാഷ്ട്രീയ പ്രമേയം.

പുതിയ തലമുറ പാര്‍ട്ടിയുമായി അടുക്കുന്നില്ലെന്ന് പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന സംഘടനാ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. സംഘടനയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന പ്രവണതകള്‍ ഇല്ലാതാക്കണം. തൊഴിലാളികളെയും കര്‍ഷക തൊഴിലാളികളെയും യുവാക്കളെയും പാര്‍ട്ടിയോട് അടുപ്പിക്കാന്‍ ശക്തമായ പ്രവര്‍ത്തനം വേണമെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ദുര്‍ബലമായ മേഖലകള്‍ തിരിച്ചറിഞ്ഞ് മുന്നോട്ടുപോകാനാകണം. തൊഴിലാളി സംഘടനകളിലും വിദ്യാര്‍ത്ഥി സംഘടനയിലും അടിയന്തരശ്രദ്ധവേണം. പാര്‍ലമെന്ററി വ്യാമോഹം പാര്‍ട്ടിയെ ബാധിക്കുന്നുവെന്നും പാര്‍ലമെന്ററി വ്യാമോഹം പാര്‍ട്ടിയില്‍ വിഭാഗീയതക്ക് വഴിവെയ്ക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

Content Highlights- prakash karat presented cpim political review report in party congress in madhura

dot image
To advertise here,contact us
dot image