വഖഫ് ബിൽ: ആഞ്ഞടിച്ച് രാധാകൃഷ്ണനും വേണുഗോപാലും; കേരളം പാസാക്കിയ പ്രമേയം അറബിക്കടലിൽ മുങ്ങുമെന്ന് സുരേഷ് ഗോപി

' മുസ്‌ലിം ജനവിഭാഗം രാജ്യത്തിന്റെ ശത്രുക്കളാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്'

dot image

ന്യൂഡല്‍ഹി: വഖഫ് ബില്ലില്‍ ലോക്‌സഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ ചര്‍ച്ച പുരോഗമിക്കുന്നു. വഖഫ് ബില്ലിനെതിരെ ആഞ്ഞടിച്ചുകൊണ്ടാണ് കെ രാധാകൃഷ്ണൻ എംപിയും കെ സി വേണുഗോപാൽ എംപിയും നിലപാട് വ്യക്തമാക്കിയത്. സിപിഐഎം വഖഫ് ബില്ലിനെ എതിര്‍ക്കുന്നുവെന്ന് കെ രാധാകൃഷ്ണന്‍ എംപി ലോക്സഭയിൽ വ്യക്തമാക്കി. മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കുകയാണ് സര്‍ക്കാരിന്റെ അജണ്ടയെന്ന് കെ സി വേണുഗോപാല്‍ എംപിയും പറഞ്ഞു. ബില്ലിനെ പിന്തുണച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും രംഗത്തെത്തി.

വഖഫ് ബില്‍ കൊണ്ടുവരുന്നത് പാവപ്പെട്ടവര്‍ക്ക് വേണ്ടിയല്ലെന്നും തെറ്റായ സമീപനത്തോടെ സമൂഹത്തെ ഭിന്നിപ്പിക്കാനാണ് ശ്രമമെന്നും കെ രാധാകൃഷ്ണൻ എംപി പറഞ്ഞു. മുസ്‌ലിം ജനവിഭാഗം രാജ്യത്തിന്റെ ശത്രുക്കളാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. വഖഫ് ബില്ല് ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ്. വഖഫ് സ്വത്തുക്കളുടെ നിയന്ത്രണം കേന്ദ്രീകരിക്കാനും മുസ്‌ലിം സമൂഹത്തിന്റെ അവകാശങ്ങളെ ദുര്‍ബലപ്പെടുത്താനും മതപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ അതിക്രമിച്ച് കടക്കുന്നതിന്റെ അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിക്കാനും ഈ ബില്ല് ഉദ്ദേശിക്കുന്നുവെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു.

മുസ്‌ലിം സമൂഹത്തിന് അവരുടെ മതപരമായ കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള അവകാശമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. അത് നിഷേധിക്കുന്ന സമീപനം സ്വീകരിക്കാന്‍ പാടില്ല. വഖഫ് ബോര്‍ഡില്‍ അമുസ്‌ലിങ്ങളെ ഉള്‍പ്പെടുത്തുന്നത് മുസ്‌ലിം സമുദായത്തിന്റെ മതപരമായ സ്വയം ഭരണത്തിലുള്ള കടന്നാക്രമണമാണ്. മറ്റ് മതങ്ങളോട് ഈ സമീപനം സ്വീകരിക്കാന്‍ തയ്യാറാകുമോ?. കേരളത്തില്‍ ദേവസ്വം ബോര്‍ഡുണ്ട്. ഒരിക്കല്‍ ദേവസ്വം ബോര്‍ഡിലെ ഒരു അംഗത്തിന്റെ പേര് ക്രിസ്ത്യന്‍ പേരുമായി ബന്ധപ്പെട്ടതായിരുന്നു. ക്രിസ്ത്യന്‍ പേര് വന്നതുകൊണ്ട് ക്രിസ്ത്യാനിയാണെന്ന് പറഞ്ഞ് വലിയ കലാപം കേരളത്തിലുണ്ടായിട്ടുണ്ട്. ഹിന്ദു ക്ഷേത്രം ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണമെന്ന് പറഞ്ഞ് 1987ല്‍ കലാപമുണ്ടായെന്നും കെ രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി. മുസ്‌ലിം സമുദായത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമത്തിനെതിരെ നാടാകെ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും കെ രാധാകൃഷ്ണന്‍ എംപി ആഹ്വാനം ചെയ്തു. ബില്ലിനെ അനുകൂലിക്കുന്നവരോട് അദ്ദേഹം മുള്ളറിന്റെ വിലാപകാവ്യം ഓര്‍മിപ്പിക്കുകയും ചെയ്തു. ഭാവിയില്‍ ആരും ഇല്ലാത്ത അവസ്ഥ ഉണ്ടാകാതിരിക്കാൻ മുന്‍കരുതലെടുക്കാന്‍ കഴിയണമെന്നും എംപി പറഞ്ഞു.

അതിനിടെ കെ രാധാകൃഷ്ണന്റെ പ്രസംഗത്തിനെതിരെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി രംഗത്തെത്തി. തന്റെ പേര് അനാവശ്യമായി രാധാകൃഷ്ണന്‍ വലിച്ചിഴയ്ക്കുന്നതായി സുരേഷ്‌ ഗോപി ആരോപിച്ചു. ബില്ലിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം നാളെ ബില്‍ പാസാക്കുന്നതോടെ അറബിക്കടലില്‍ മുങ്ങുമെന്ന് സുരേഷ് ഗോപി പരിഹസിച്ചു. അതിനായി കാത്തിരിക്കൂവെന്നും സുരേഷ് ഗോപി പറഞ്ഞു.

ഭരണഘടനക്കെതിരായ നേരിട്ടുള്ള ആക്രമണമാണ് വഖഫ് ബില്ലെന്ന് കെ സി വേണുഗോപാൽ എംപിയും പറഞ്ഞു. ന്യൂനപക്ഷത്തിനെതിരല്ല ബില്ലെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ആവര്‍ത്തിച്ച് പറയുകയാണെന്നും കുറ്റബോധമാണ് മന്ത്രിയെക്കൊണ്ട് ഇത് പറയിക്കുന്നതെന്നും കെ സി വേണുഗോപാൽ പറഞ്ഞു. മുനമ്പത്ത് നീതി ലഭിക്കണം എന്നാണ് തങ്ങളുടെ താല്‍പര്യം. മുനമ്പത്തിന്റെ പേരില്‍ രാഷ്ട്രീയ താല്‍പര്യം നടപ്പാക്കരുതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

വൈഷ്‌ണോദേവി ക്ഷേത്രനിയമപ്രകാരം ലഫ്റ്റനന്റ് ഗവര്‍ണറാണ് ചെയര്‍മാന്‍. ലഫ്റ്റനന്റ് ഗവര്‍ണര്‍ ഹിന്ദുവല്ലെങ്കില്‍ മറ്റൊരാളെ നാമനിര്‍ദേശം ചെയ്യണമെന്നാണ് വ്യവസ്ഥ. കെസിബിസിയെയും സിബിസിഐയെക്കുറിച്ചും റിജിജു പറയുന്നു. വിശ്വ ഹിന്ദു പരിഷത്ത് രൂപീകൃതമായത് പോപ്പ് വിസിറ്റിന് എതിരായാണ്. എത്ര പള്ളികള്‍ ആക്രമിക്കപ്പെട്ടുവെന്നും സിബിസിഐ കത്ത് നല്‍കിയിട്ട് സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചുവെന്നും കെ സി വേണുഗോപാൽ ചോദിച്ചു.

രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ആക്രമണം വര്‍ധിച്ചിരിക്കുകയാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെടുകയാണ്. സംഘ്പരിവാര്‍ അജണ്ടയാണ് നടപ്പാക്കുന്നത്. ആറ്റുകാല്‍ പൊങ്കാലയ്ക്ക് ലക്ഷക്കണക്കിന് സ്ത്രീകള്‍ എത്തുന്നു, ഒരു വശത്ത് മുസ്‌ലിം പള്ളിയും മറുവശത്ത് ക്രിസ്ത്യന്‍ പള്ളിയും സ്ഥിതി ചെയ്യുന്നു. പുരോഹിതര്‍ സ്ത്രീകള്‍ക്ക് വെള്ളം നല്‍കുന്ന കാഴ്ചയുമുണ്ടെന്നും കേരളത്തിലെ മതമൈത്രിയെ ഉയർത്തിക്കാട്ടി കെ സി വേണുഗോപാൽ പറഞ്ഞു. രാജ്യത്തെ കര്‍ഷകര്‍ മിനിമം താങ്ങുവില ആവശ്യപ്പെട്ട് തെരുവിലാണ്. കര്‍ഷകര്‍ക്കായുള്ള ബില്‍ സഭയില്‍ കൊണ്ടുവരുന്നില്ലെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Waqf discussion on Parliament K C Venugopal and K Radhakrishnan against Bill Suresh Gopi support

dot image
To advertise here,contact us
dot image