
ന്യൂഡല്‍ഹി: വഖഫ് ബില്‍ ഭരണഘടനാവിരുദ്ധമല്ലെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു. ബില്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ചില നേതാക്കള്‍ പറയുന്നു. ബില്‍ എങ്ങനെ ഭരണഘടനാ വിരുദ്ധമാകുമെന്ന് കേന്ദ്ര മന്ത്രി ചോദിച്ചു. ഭരണഘടനാ വിരുദ്ധമാണെങ്കില്‍ കോടതി എന്തുകൊണ്ട് അത് റദ്ദാക്കിയില്ല? ഭരണഘടനാപരം, ഭരണഘടനാവിരുദ്ധം എന്നീ വാക്കുകള്‍ അത്ര നിസാരമായി ഉപയോഗിക്കരുതെന്നും കേന്ദ്ര മന്ത്രി മുന്നറിയിപ്പ് നല്‍കി. വഖഫ് ബില്ലിന്മേലുള്ള ചര്‍ച്ച പൂര്‍ത്തിയായതിന് പിന്നാലെ ലോക്‌സഭയില്‍ നല്‍കിയ മറുപടിയിലാണ് കിരണ്‍ റിജിജു ഇക്കാര്യം പറഞ്ഞത്.
ബില്ലിന്മേല്‍ മികച്ച ചര്‍ച്ചാണ് നടന്നതെന്നും കിരണ്‍ റിജിജു പറഞ്ഞു. എല്ലാവരും അവരുടെ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചു. വഖഫ് സ്വത്തുക്കള്‍ നിയമവിധേയമാക്കുകയാണ് ലക്ഷ്യംവെയ്ക്കുന്നത്. ബില്‍ മുസ്‌ലിം വിരുദ്ധമല്ല. ട്രിബ്യൂണലില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്. ഇതിനെല്ലാം പുതിയ ബില്ലിലൂടെ പരിഹാരം കാണാന്‍ കഴിയും. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് നമ്മള്‍ പ്രവര്‍ത്തിക്കേണ്ടത്. തെറ്റായ പ്രചരണങ്ങള്‍ അവസാനിപ്പിക്കണം. കൃത്യമായ തെളിവുകള്‍ ഇല്ലാതെ ബില്‍ ഭരണഘടനാ വിരുദ്ധമാണെന്ന് പറയുന്നത് ശരിയല്ല. ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് തെളിവ് ഉണ്ടാകണമെന്നും കിരണ്‍ റിജിജു പറഞ്ഞു.
രാജ്യത്തെ വിഭജിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. ആറ് ന്യൂന പക്ഷങ്ങള്‍ രാജ്യത്തുണ്ട്. പാഴ്‌സിയാണ് ഏറ്റവും ചെറിയ കമ്യൂണിറ്റി. അവരെ നിങ്ങള്‍ കാണുന്നില്ലേയെന്ന് പ്രതിപക്ഷത്തോട് കേന്ദ്ര മന്ത്രി ചോദിച്ചു. മോദി സര്‍ക്കാര്‍ അവരെ കാണുന്നുണ്ട്. ന്യൂനപക്ഷങ്ങള്‍ക്ക് ഹിന്ദുസ്ഥാനില്‍ ലഭിക്കുന്ന സുരക്ഷ ലോകത്തൊരിടത്തും ലഭിക്കുന്നില്ല. മുഴുവന്‍ എംപിമാരും ബില്ലിനെ പിന്തുണയ്ക്കണമെന്നും കിരണ്‍ റിജിജു ആവശ്യപ്പെട്ടു.
Content Highlights- Central kiran rijiju reply over waqf bill in loksabha