'എമ്പുരാനിലെ മുന്നയെ ബിജെപി ബെഞ്ചുകളിൽ കാണാം; കേരളത്തിൽ ജയിച്ച ഒരു സീറ്റ് വൈകാതെ പൂട്ടും': ജോൺ ബ്രിട്ടാസ് എംപി

'ആ മുന്നയെ കേരളവും മലയാളിയും തിരിച്ചറിയും'

dot image

ന്യൂഡൽഹി: രാജ്യസഭയില്‍ എമ്പുരാനെ പിന്തുണച്ച് ജോണ്‍ ബ്രിട്ടാസ്. എമ്പുരാനിലെ മുന്നയെ ഇവിടെയുളള ബിജെപി ബെഞ്ചുകളിൽ കാണാമെന്നും ജനം ഇത് തിരിച്ചറിയുമെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. കേരളത്തിൽ ജയിച്ച ഒരു ബിജെപി സീറ്റ് വൈകാതെ പൂട്ടും. കേരളത്തിന് തെറ്റിയ പറ്റ് ജനം തിരുത്തുമെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.

'എമ്പുരാൻ സിനിമയിൽ ഒരു കഥാപാത്രമുണ്ട്, മുന്ന. ആ കഥാപാത്രത്തെ ഇവിടെ കാണാം (രാജ്യസഭ). ഈ ബിജെപി ബെഞ്ചുകളിൽ ഒരു മുന്നയെ കാണാം. ആ മുന്നയെ കേരളവും മലയാളിയും തിരിച്ചറിയും. അതാണ് കേളത്തിന്റെ ചരിത്രം. ബിജെപി വിഷത്തെ ഞങ്ങൾ കേരളത്തിൽ നിന്ന് മാറ്റി നിർത്തി. പക്ഷേ കേരളത്തിൽ നിന്ന് ഒരാളെ ​ജയിപ്പിച്ചിട്ടുണ്ട്. നേമത്തെ അക്കൗണ്ട് പൂട്ടിച്ച പോലെ വൈകാതെ ആ അക്കൗണ്ടും പൂട്ടിക്കും. ഒരു തെറ്റ് പറ്റി മലയാളിക്ക്. ആ തെറ്റ് ഞങ്ങൾ തിരുത്തും. പേടിക്കേണ്ട', ജോൺ ബ്രിട്ടാസ് പറഞ്ഞു.

ബ്രിട്ടാസിനെതിരെ ആഞ്ഞടിച്ച് സുരേഷ് ഗോപിയും രംഗത്തെത്തി. ടി പി 51 വെട്ട്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തുടങ്ങിയ ചിത്രങ്ങൾ റിറീലിസ് ചെയ്യാൻ കൈരളിക്കും ബ്രിട്ടാസിനും കൈരളിയുടെ ചെയർമാനായ നടനും കേരള മുഖ്യമന്ത്രിക്കും ധൈര്യമുണ്ടോയെന്ന് സുരേഷ് ഗോപി ​ചോദിച്ചു. ഇപ്പോൾ എമ്പുരാന് വേണ്ടി നിലവിളിക്കുന്നു. എമ്പുരാന്റെ ടൈറ്റിൽ കാർഡിൽ നിന്ന് തന്റെ പേര് മാറ്റാൻ താൻ പറഞ്ഞിരുന്നു. നിങ്ങൾക്ക് രാഷ്ട്രീയത്തിന്റെ കൈ മാത്രമല്ല പൊള്ളിയത്. മറ്റ് ചിലതും പൊള്ളിയിട്ടുണ്ട്. ഇനിയും പൊള്ളും. 800ലധികം പേരെയാണ് ബ്രിട്ടാസിന്റെ രാഷ്ട്രീയ പാർട്ടി കേരളത്തിൽ കൊന്നൊടുക്കിയത്. അവരുടേത് കൊലപാതക രാഷ്ട്രീയമാണെന്നും സുരേഷ് ഗോപി തുറന്നടിച്ചു.

എമ്പുരാനെ പിന്തുണച്ചുകൊണ്ട് ജോണ്‍ ബ്രിട്ടാസ് നേരത്തെയും രം​ഗത്തെത്തിയിരുന്നു. എമ്പുരാനെതിരെ നടന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞിരുന്നു. സിനിമയെയും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും രാജ്യദ്രോഹികാളായി ചിത്രീകരിച്ച് സിനിമ റീ സെന്‍സര്‍ ചെയ്യേണ്ടിവന്ന സാഹചര്യം ഭയപ്പെടുത്തുന്നതാണെന്നും ബ്രിട്ടാസ് പറഞ്ഞിരുന്നു.

Content Highlights: John Brittas supports Empuraan

dot image
To advertise here,contact us
dot image