
ബെംഗളൂരു: ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയാക്കപ്പെട്ട് ഭര്‍ത്താവ് ജയിലില്‍ കഴിയവേ ഒന്നര വർഷത്തിന് ശേഷം ട്വിസ്റ്റ്. കർണാടകയിലെ കുടക് ജില്ലയിലാണ് സംഭവം. തന്‍റെ ഭാര്യ മല്ലിഗയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സുരേഷ് 2020 ഡിസംബറില്‍ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. പിന്നീട് പൊലീസ് മിസിംഗ് കേസ് ചാർജ് ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ബെട്ടഡാരപുരയെന്ന സ്ഥലത്ത് നിന്ന് സ്ത്രീയുടേതെന്ന് കരുതുന്ന അസ്ഥികൂടം പൊലീസിന് ലഭിക്കുന്നു.
ഇതോടെ ഈ അസ്ഥികൂടം മല്ലിഗയുടേതാണെന്നും സുരേഷ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം നാടകം കളിച്ചതാണെന്നും പൊലീസ് ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുക്കുകയും സുരേഷിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സുരേഷിനെ പ്രതിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ഒടുവിൽ സുരേഷിനെ ശിക്ഷിക്കാൻ കോടതി വിധിച്ചു. സുരേഷ് ജയിലിൽ കഴിയവേ കേസിന്റെ ഗതി തന്നെ മാറി. കേസിലെ സാക്ഷിയും സുരേഷിന്റെ സുഹൃത്തുമായ വ്യക്തി മല്ലിഗയെ കാണാനിടയായതാണ് വഴിത്തിരിവായത്. മടിക്കേരിയിലെ ഹോട്ടലിൽ മറ്റൊരു പുരുഷനൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്നതുകണ്ട മല്ലിഗയെ സുരേഷിന്റെ സുഹൃത്ത് കയ്യോടെ പൊക്കി. തുടർന്ന് മടിക്കേരി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വിവരം കോടതിയിലും അറിയിച്ചു. കോടതി കാര്യങ്ങള്‍ ആരാഞ്ഞതോടെ താന്‍ മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടി പോയതാണെന്നും അയാളെ വിവാഹം കഴിച്ച് ജീവിക്കുകയാണെന്നും മല്ലിഗ വെളിപ്പെടുത്തി. സുരേഷിന് എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നും മല്ലിഗ കൂട്ടിച്ചേര്‍ത്തു.
ഇതോടെ കേസിൽ പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് കോടതി വിലയിരുത്തി. കേസിന്റെ പൂർണ വിവരങ്ങൾ സമർപ്പിക്കണമെന്ന് എസ്പിക്ക് കോടതി നിർദേശം നൽകി. നിലവിലെ കണ്ടെത്തലുകളുടെ പശ്ചാത്തലത്തില്‍ അസ്ഥികൂടം ആരുടേതാണെന്ന് കണ്ടെത്താനും കോടതി ഉത്തരവിട്ടു
Content Highlights- Husband who killed his wife in jail; twist in the case after a year and a half