
മധുര: സിപിഐഎം പോളിറ്റ് ബ്യൂറോയില്‍ മലയാളിയായ വിജു കൃഷ്ണൻ ഇടംനേടി. 18 അംഗ പിബിയാണ് നിലവിൽ വന്നത്. പിബിയിലെ പ്രായ പരിധിയടക്കം മുന്‍നിര്‍ത്തിയുണ്ടായ ഒഴിവുകളിലേക്ക് ഏഴ് പേരെ പുതുതായി തിരഞ്ഞെടുത്തു.
യു വാസുകി, മറിയം ധാവ്‌ളെ, ആന്ധ്രപ്രദേശില്‍ നിന്ന് അരുണ്‍കുമാര്‍, പശ്ചിമബംഗാളിൽ നിന്ന് ശ്രീദീപ് ഭട്ടാചാര്യ, രാജസ്ഥാനില്‍ നിന്ന് അംറാ റാം, തമിഴ്നാട്ടിൽ നിന്ന് ബാലകൃഷ്ണൻ എന്നിവരാണ് പിബിയിലെത്തിയ മറ്റ് പുതുമുഖങ്ങള്‍. അന്തരിച്ച മുന്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഒഴിവും പ്രായപരിധി കാരണം ആറ് പേരുടെ ഒഴിവുമായിരുന്നു പിബിയില്‍ ഉണ്ടായിരുന്നത്.
എന്നാല്‍ കഴിഞ്ഞ തവണ അനുവദിച്ചത് പോലെ ഇത്തവണയും പിണറായി വിജയന് പ്രായപരിധിയില്‍ ഇളവ് നല്‍കിയതിനാല്‍ പോളിറ്റ് ബ്യൂറോയില്‍ തുടരും. പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, മണിക് സർക്കാർ, സൂര്യകാന്ത് മിശ്ര, സുഭാഷിണി അലി, ജി രാമകൃഷ്ണന്‍ എന്നിവരാണ് ഒഴിഞ്ഞ പി ബി അംഗങ്ങള്‍. പിണറായി വിജയന് മാത്രമാണ് പ്രായപരിധിയില്‍ ഇളവ് നല്‍കിയിരിക്കുന്നത്.
കേന്ദ്ര കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. 85 അംഗ കേന്ദ്ര കമ്മിറ്റിയാണ് ഇത്തവണ രൂപീകരിച്ചത്. കേരളത്തില്‍ നിന്ന് മൂന്ന് പേര്‍ കേന്ദ്ര കമ്മിറ്റിയിലുമെത്തി. എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍, പുത്തലത്ത് ദിനേശന്‍, കെ എസ് സലീഖ എന്നിവരെയാണ് കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെയും പി കെ ബിജുവിന്റെയും പേര് കേന്ദ്ര കമ്മിറ്റിയിലേക്ക് ഉയര്‍ന്ന് കേട്ടിരുന്നെങ്കിലും ഇരുവരും കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെട്ടിട്ടില്ല. സ്ഥിരം ക്ഷണിതാവായി ജോൺ ബ്രിട്ടാസിനെയും പരിഗണിച്ചു.
അനുരാഗ് സെക്‌സേന, എച്ച് ഐ ഭട്ട്, പ്രേം ചന്ദ്, സഞ്ജയ് ചൗഹാന്‍, കെ പ്രകാശ്, അജിത് നവാലെ, വിനോദ് നിക്കോലെ, സുരേഷ് പനിഗ്രാഫി, കിഷന്‍ പരീക്, എന്‍ ഗുണശേഖരന്‍, ജോണ്‍ വെസ്ലേ, എസ് വീരയ്യ, ദെബാബ്രത ഘോഷ്, സയ്യിദ് ഹുസൈന്‍, കൊണ്ണൊയ്ക ഘോഷ്, മീനാക്ഷി മുഖര്‍ജി എന്നിവരാണ് കേന്ദ്ര കമ്മിറ്റിയിലെ മറ്റ് പുതുമുഖങ്ങള്‍. കേന്ദ്ര കമ്മിറ്റിയില്‍ പി കെ ശ്രീമതിക്കും മുഹമ്മദ് യൂസഫ് തരിഗാമിക്കും ഇളവ് നൽകിയിട്ടുണ്ട്.
അതേസമയം എം എ ബേബിയെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. എട്ട് പേരാണ് എംഎ ബേബിയെ പിബിയില്‍ നിന്ന് അനുകൂലിച്ചത്. പശ്ചിമ ബംഗാളില്‍ നിന്നുള്ള അഞ്ച് പിബി അംഗങ്ങള്‍ എതിര്‍ക്കുകയും ചെയ്തു.
Content Highlights: CPIM PB members Vijoo Krishnan from Kerala