പാർട്ടി കോൺഗ്രസിൽ അസാധാരണ നീക്കം; കേന്ദ്ര കമ്മിറ്റി പാനലിൽ വോട്ടെടുപ്പ്, മത്സരിച്ച കരാഡ് തോറ്റു

മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡി എല്‍ കരാഡ് കേന്ദ്ര കമ്മിറ്റിയിലേക്ക് മത്സരിച്ചു.

dot image

മധുര: 24ാമത് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ അസാധാരണ നീക്കം. കേന്ദ്ര കമ്മിറ്റിയിലേക്ക് വോട്ടെടുപ്പ് നടന്നു. സിഐടിയു ദേശീയ വൈസ് പ്രസിഡന്റും മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ഡി എല്‍ കരാഡ് കേന്ദ്ര കമ്മിറ്റിയിലേക്ക് മത്സരിച്ചു. എന്നാൽ 31 വോട്ടുകൾ മാത്രം നേടിയ കരാഡ് തോറ്റു.

ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര ഘടകങ്ങള്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ പട്ടികയില്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്ന് സംസ്ഥാന സെക്രട്ടറി രവിശങ്കര്‍ മിശ്രയാണ് വോട്ടെടുപ്പ് ആവശ്യപ്പെട്ടത്.

ഇരു സംസ്ഥാനങ്ങള്‍ക്കും ആവശ്യത്തിനുള്ള പ്രാതിനിധ്യം കിട്ടിയിട്ടില്ലെന്ന് ആരോപിച്ചാണ് സംസ്ഥാനങ്ങള്‍ എതിര്‍പ്പ് അറിയിച്ചത്. സാധാരണ നിലയില്‍ സമ്മേളനത്തിന് മുന്നില്‍ വെക്കുന്ന പുതിയ കേന്ദ്ര കമ്മിറ്റിയുടെ പാനല്‍ അംഗീകരിക്കുന്നതാണ് പതിവ്. എന്നാല്‍ ഇത്തവണ പതിവില്‍ വിരുദ്ധമായി കമ്മിറ്റിക്കെതിരെ മത്സരിക്കാന്‍ കരാഡ് രംഗത്തെത്തുകയായിരുന്നു.

അതേസമയം പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്ന് ഡി എല്‍ കരാഡ് മാധ്യമങ്ങളോട് പറഞ്ഞു. താഴേത്തട്ടില്‍ പ്രവര്‍ത്തിച്ച പ്രവര്‍ത്തകരെ അംഗീകരിക്കണം. പ്രവര്‍ത്തിച്ചു വരുന്നവര്‍ കേന്ദ്ര കമ്മിറ്റിയില്‍ വേണമെന്നും അദ്ദേഹം പ്രതികരിച്ചു. നിലവില്‍ കേന്ദ്ര കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. 85 അംഗ കേന്ദ്ര കമ്മിറ്റിയാണ് ഇത്തവണ രൂപീകരിച്ചത്. 30 പുതിയ അംഗങ്ങളെയാണ് ഇത്തവണ പരിഗണിച്ചത്. കേന്ദ്ര കമ്മിറ്റിയിലെ കേരളത്തില്‍ നിന്നുള്ള അംഗങ്ങളുടെ എണ്ണം 17 ആയി ഉയര്‍ന്നു.

എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍, പുത്തലത്ത് ദിനേശന്‍, കെ എസ് സലീഖ എന്നിവര്‍ കേരളത്തില്‍ നിന്ന് കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നേരത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസുണ്ടാകുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ കമ്മിറ്റിയില്‍ പരിഗണിച്ചില്ല.

അനുരാഗ് സക്സേന, എച്ച് ഐ ഭട്ട്, പ്രേം ചന്ദ്, സഞ്ജയ് ചൗഹാന്‍, കെ പ്രകാശ്, അജിത് നവാലെ, വിനോദ് നിക്കോലെ (മഹാരാഷ്ട്രയിലെ ദഹാനു മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ), സുരേഷ് പനിഗ്രാഫി, കിഷന്‍ പരീക്, എന്‍ ഗുണശേഖരന്‍, ജോണ്‍ വെസ്ലേ, എസ് വീരയ്യ, ദെബാബ്രത ഘോഷ്, സയ്യിദ് ഹുസൈന്‍, കൊണ്ണൊയ്ക ഘോഷ്, മീനാക്ഷി മുഖര്‍ജി എന്നിവരാണ് കേന്ദ്ര കമ്മിറ്റിയിലെ മറ്റ് പുതുമുഖങ്ങള്‍.

Content Highlights: Voting at CPIM party Congress against Central Committee

dot image
To advertise here,contact us
dot image