
കൊച്ചി: കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു ഈ മാസം പതിനഞ്ചിന് മുനമ്പത്ത് എത്തും. എന്‍ഡിഎ സംഘടിപ്പിക്കുന്ന അഭിനന്ദന്‍ സഭയില്‍ കേന്ദ്രമന്ത്രി പങ്കെടുക്കും. നേരത്തെ ഒന്‍പതാം തീയതി കേന്ദ്രമന്ത്രി മുനമ്പത്ത് എത്തുമെന്നായിരുന്നു വിവരം. ഇത് പിന്നീട് പതിനഞ്ചിലേക്ക് മാറ്റുകയായിരുന്നു.
വഖഫ് ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത് ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു ആയിരുന്നു. ബില്‍ നിയമമാകുന്നതോടെ മുനമ്പം പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് കിരണ്‍ റിജിജു പറഞ്ഞിരുന്നു. ബില്‍ ലോക്‌സഭയില്‍ പാസാക്കിയതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും അനുകൂലമായി മുദ്രാവാക്യം വിളിച്ച് മുനമ്പത്തുകാര്‍ രംഗത്തെത്തിയിരുന്നു.
ഇക്കഴിഞ്ഞ രണ്ട്, മൂന്ന് ദിവസങ്ങളിലായിരുന്നു വഖഫ് ബില്‍ ലോക്സഭയിലും രാജ്യസഭയിലും പാസാക്കിയത്. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു നടപടി. ലോക്സഭയിലും രാജ്യസഭയിലും ബില്ലിനെതിരെ പ്രതിപക്ഷ അംഗങ്ങള്‍ ആഞ്ഞടിച്ചു. ലോക്സഭയില്‍ കെ രാധാകൃഷ്ണന്‍, കെ സി വേണുഗോപാല്‍, എന്‍ കെ പ്രേമചന്ദ്രന്‍, ഗൗരവ് ഗോഗോയി, മുഹമ്മദ് ജാവേദ്, അസസുദ്ദീന്‍ ഒവൈസി, ഇ ടി മുഹമ്മദ് ബഷീര്‍ അടക്കമുള്ളവര്‍ ഭേദഗതികള്‍ നിര്‍ദേശിച്ചു. ഇതിന് പിന്നാലെ വോട്ടെടുപ്പ് നടന്നു. 288 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 232 പേര്‍ എതിര്‍ത്തു. തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍ ഉന്നയിച്ച ഭേദഗതികള്‍ ശബ്ദവോട്ടോടെ തള്ളുകയും ബില്‍ ലോക്സഭയില്‍ പാസാക്കുകയുമായിരുന്നു.
രാജ്യസഭയിലും സമാന സാഹചര്യങ്ങള്‍ ആവര്‍ത്തിച്ചു. ബില്ലിലെ വ്യവസ്ഥകളില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരായ ജോണ്‍ ബ്രിട്ടാസ്, എഎ റഹീം, വി ശിവദാസന്‍, ഹാരിസ് ബീരാന്‍, അബ്ദുള്‍ വഹാബ്, പി സന്തോഷ് കുമാര്‍, പി പി സുനീര്‍ എന്നിവര്‍ ഭേദഗതികള്‍ നിര്‍ദേശിച്ചു. പിന്നാലെ നടന്ന വോട്ടെടുപ്പില്‍ 128 പേര്‍ ബില്ലിനെ അനുകൂലിച്ചും 95 പേര്‍ ബില്ലിനെ എതിര്‍ത്തും വോട്ടു ചെയ്തു. പ്രതിപക്ഷ എംപിമാര്‍ മുന്നോട്ടുവെച്ച ഭേദഗതികള്‍ ശബ്ദവോട്ടെടെ തള്ളി. ഇതോടെ ബില്‍ രാജ്യസഭയും കടന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച അര്‍ദ്ധരാത്രിയോടെ രാഷ്ട്രപതി ഒപ്പുവെച്ചതോടെ വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍വന്നു.
Content Highlights- Central minister kiran rijiju will arrive munambam on april 15