
ഭോപ്പാൽ: മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ (കെഎൻപി) ചീറ്റയ്ക്കും കുഞ്ഞുങ്ങൾക്കും വെള്ളം നൽകിയ ഡ്രൈവറെ പിരിച്ചുവിട്ട് അധികൃതർ. വെള്ളം നൽകുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് അധികൃതരുടെ നടപടി. ഫീൽഡ് സ്റ്റാഫ് ഔദ്യോഗിക നിയമങ്ങൾ ലംഘിച്ചതിനാലാണ് നടപടിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രോജക്ട് ചീറ്റയുടെ ഭാഗമായി നമീബിയയിൽ നിന്ന് മാറ്റി പാർപ്പിച്ച ചീറ്റകളിൽ ഒന്നായ ജ്വാലയ്ക്കും നാല് കുഞ്ഞുങ്ങൾക്കുമാണ് വനം വകുപ്പിന്റെ ചുമതലകൾക്കായി നിയമിക്കപ്പെട്ട ഉദ്യോഗസ്ഥൻ ഒരു സ്റ്റീൽ പാത്രത്തിൽ വെള്ളം നൽകിയത്. വരൂ എന്ന് പറഞ്ഞ് ജ്വാലയെ യുവാവ് വിളിക്കുന്നതും ചീറ്റ ശാന്തമായി വന്ന് പാത്രത്തിൽ നിന്ന് വെള്ളം കുടിക്കുന്നതും വീഡിയോയിൽ കാണാം. ചീറ്റ കുഞ്ഞുങ്ങൾ പാത്രത്തിൽ നിന്ന് വെള്ളം കുടിക്കുന്നതും വീഡിയോയിലുണ്ട്.
Viral video shows a man offering water to cheetahs in MP’s Kuno National Park — a gesture of coexistence after recent clashes. But the forest department suspended the driver, fearing human-animal bonds. pic.twitter.com/AMW70XQPLt
— 𝐃𝐎 𝐍𝐞𝐰𝐬 (@donewstoday) April 7, 2025
കെഎൻപിയുടെ അതിർത്തിക്കടുത്തുള്ള ആഗ്രയിലെ ജനവാസ മേഖലയ്ക്ക് സമീപമുള്ള വയലുകളിൽ ജ്വാലയും നാല് കുഞ്ഞുങ്ങളും സഞ്ചരിക്കുന്നുണ്ടെന്ന് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (എപിസിസിഎഫ്) ഉദ്യോഗസ്ഥൻ ഉത്തം കുമാർ ശർമ്മ പറഞ്ഞു. മനുഷ്യ-ചീറ്റ സംഘർഷം ഉണ്ടാകാതിരിക്കാൻ അത്തരം സാഹചര്യങ്ങൾ ഉണ്ടാകുമ്പോഴെല്ലാം, കാട്ടിനുള്ളിലേക്ക് വഴിതിരിച്ചുവിടാൻ നിരീക്ഷണ സംഘത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഒരു ചീറ്റ കൃഷിയിടങ്ങളിലോ ജനവാസമേഖലയിലോ എത്തിയാൽ ബന്ധപ്പെട്ട റേഞ്ചിൽ നിന്ന് അധികമായി ജീവനക്കാരെ വിളിക്കും. ഇത്തരത്തിൽ ആഗ്ര റേഞ്ചിൽ നിന്നുള്ള ജീവനക്കാരെ വിന്യസിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ജ്വാലയും നാല് കുഞ്ഞുങ്ങളും വെയിലത്ത് തുറസ്സായ കൃഷിയിടങ്ങളിലൂടെ സഞ്ചരിച്ച് ജനവാസമേഖയിലേക്ക് നീങ്ങിയതിനാൽ അവയെ കാട്ടിലേക്ക് തിരികെ ആകർഷിക്കാനാണ് വെള്ളം നൽകുന്നത്. മോണിറ്ററിങ് ടീമിന് ചീറ്റകളെ കൈകാര്യം ചെയ്യാൻ പ്രത്യേകം പരിശീലനം നൽകാറുണ്ട്. ഇവർക്ക് മാത്രമാണ് ചീറ്റകൾക്ക് അരികിലേക്ക് പോകാൻ അനുവാദമുള്ളത്. എന്നാല്‍ ഫീല്‍ഡ് സ്റ്റാഫിന് ഇങ്ങനെ വെള്ളം നല്‍കാനുള്ള അനുവാദമില്ല. ഇത് ലംഘിച്ചതിനാണ് നടപടിയെന്ന് എപിസിസിഎഫ് വ്യക്തമാക്കി.
Content Highlight : Driver fired for giving water to cheetahs in Kuno National Park