സ്വര്‍ണക്കടത്ത് കേസ്; രന്യ റാവുവിൻ്റെയും കൂട്ടുപ്രതികളുടെയും കസ്റ്റഡി കാലാവധി നീട്ടി

മാര്‍ച്ച് മൂന്നിന് ഡിആര്‍ഐയുടെ പിടിയിലായ നടി പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിൽ കഴിയുകയാണ്

dot image

ബെംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ നടി രന്യ റാവുവിന്റെ കസ്റ്റഡി ഏപ്രില്‍ 21 വരെ നീട്ടി. ബെംഗളൂരു സെഷന്‍സ് കോടതിയാണ് രന്യയുടെയും കൂട്ടുപ്രതികളായ തരുണ്‍ രാജു, സാഹില്‍ സക്കറിയ ജെയ്ന്‍ എന്നിവരുടെയും കസ്റ്റഡി കാലാവധി നീട്ടിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

മാര്‍ച്ച് മൂന്നിന് ഡിആര്‍ഐയുടെ പിടിയിലായ നടി പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിൽ കഴിയുകയാണ്. 2.56 കോടി രൂപ വിലവരുന്ന 14.2 കിലോ ഗ്രാം സ്വര്‍ണവുമായാണ് രന്യയെ കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഡിആര്‍ഐ അറസ്റ്റ് ചെയ്തത്. പിടിക്കപ്പെട്ട ദിവസം രന്യക്കൊപ്പം ബെല്ലാരി സ്വദേശിയായ വ്യവസായി സാഹില്‍ സക്കറിയ ജെയ്‌നാണ് ഉണ്ടായിരുന്നത്. വിദേശരാജ്യങ്ങളില്‍ നിന്ന് കടത്തിക്കൊണ്ട് വരുന്ന സ്വര്‍ണം രാജ്യത്തിനകത്ത് വിറ്റഴിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നയാളാണ് സാഹില്‍ എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

രന്യയുടെ അറസ്റ്റിന് തൊട്ടുപിന്നാലെയായിരുന്നു സുഹൃത്ത് തരുണ്‍ രാജിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് തരുൺ രാജിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. കേസിലെ രണ്ടാം പ്രതിയാണ് തരുണ്‍. കര്‍ണാടകയിലെ ഹോട്ടല്‍ ഉടമയുടെ കൊച്ചുമകനായ തരുണും രന്യയും ആദ്യം സുഹൃത്തുക്കളായിരുന്നു, പിന്നീട് രന്യയുടെ വിവാഹത്തോടെ ഇരുവരും പിരിഞ്ഞെങ്കിലും സ്വര്‍ണക്കടത്തില്‍ ഇവര്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നതായാണ് പൊലീസ് കണ്ടെത്തിയത്. ഇരുവരും ഒരുമിച്ച് 26 ദുബായ് യാത്രകള്‍ നടത്തിയിരുന്നതായും. ഈ യാത്രകളിലെല്ലാം ഇവര്‍ സ്വര്‍ണം കടത്തിയിരുന്നുവെന്നും പൊലീസ് കണ്ടെത്തി.

ഇവരുടെ പല യാത്രകളും രാവിലെ ദുബായിലേക്ക് പോയി, വൈകിട്ട് തിരിച്ചുവരുന്ന തരത്തിലായിരുന്നു. ദുബായില്‍ നിന്ന് സ്വര്‍ണം കടത്തുന്നതിനിടെ രന്യ തരുണുമായി ബന്ധപ്പെട്ടിരുന്നു എന്ന പൊലീസിന്റെ കണ്ടെത്തലാണ് ഇയാളുടെ അറസ്റ്റിലേക്ക് നയിച്ചത്. അറസ്റ്റിന് മുൻപ് തരുണ്‍ രാജ്യംവിടാന്‍ ശ്രമിച്ചിരുന്നതായും ഡിആര്‍ഐ വെളിപ്പെടുത്തിയിരുന്നു.

കര്‍ണാടക പൊലീസ് ഹൗസിങ് കോര്‍പറേഷന്‍ ഡിജിപി രാമചന്ദ്രറാവുവിന്റെ വളര്‍ത്തുമകളാണ് രന്യ. സ്വര്‍ണക്കടത്തിന് വളര്‍ത്തച്ഛന്റെ പേരും പിടിപാടും രന്യ ഉപയോഗിച്ചിരുന്നതായും ഡിആര്‍ഐ കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ പേര് പറഞ്ഞ് ഗ്രീന്‍ചാനല്‍ വഴിയാണ് സുരക്ഷാ പരിശോധന ഇല്ലാതെ രന്യ വിമാനത്താവളത്തില്‍ നിന്ന് പുറത്ത് കടന്നിരുന്നത്. സംഭവത്തിന് പിന്നാലെ രാമചന്ദ്രറാവുവിന് നിര്‍ബന്ധിത അവധി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

Content Highlight : Gold smuggling; The custody of Ranya Rao and co-accused has been extended

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us