വഖഫ് നിയമം പ്രാബല്യത്തിൽ; കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി

വഖഫ് നിയമഭേദഗതി ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് കേന്ദ്രസർക്കാരിന്റെ തിടുക്കപ്പെട്ടുള്ള നീക്കം

dot image

ഡൽഹി: വഖഫ് നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. വഖഫ് നിയമഭേദഗതി ചോദ്യം ചെയ്തുള്ള നിരവധി ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് കേന്ദ്രസർക്കാരിന്റെ തിടുക്കപ്പെട്ടുള്ള നീക്കം. വഖഫ് ഭേദഗതി നിയമഭേദഗതിയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കി.

അതിനിടെ വഖഫ് നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ തടസ ഹര്‍ജി ഫയൽ ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗം കേള്‍ക്കാതെ ഹര്‍ജികളില്‍ ഇടക്കാല ഉത്തരവിടരുതെന്നാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന പ്രധാന ആവശ്യം. വഖഫ് നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഏപ്രില്‍ 16ന് സുപ്രീംകോടതി പരിഗണിക്കും.

ഏപ്രിൽ 2, 3 തീയതികളിലായിരുന്നു വഖഫ് ബില്‍ ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കിയത്. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു നടപടി. ലോക്‌സഭയിലും രാജ്യസഭയിലും ബില്ലിനെതിരെ പ്രതിപക്ഷ അംഗങ്ങള്‍ ആഞ്ഞടിച്ചിരുന്നു. ലോക്‌സഭയില്‍ കെ രാധാകൃഷ്ണന്‍, കെ സി വേണുഗോപാല്‍, എന്‍ കെ പ്രേമചന്ദ്രന്‍, ഗൗരവ് ഗോഗോയി, മുഹമ്മദ് ജാവേദ്, അസസുദ്ദീന്‍ ഒവൈസി, ഇ ടി മുഹമ്മദ് ബഷീര്‍ അടക്കമുള്ളവര്‍ ഭേദഗതികള്‍ നിര്‍ദേശിച്ചു. ഇതിന് പിന്നാലെ വോട്ടെടുപ്പ് നടന്നു. 288 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 232 പേര്‍ എതിര്‍ത്തു. തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍ ഉന്നയിച്ച ഭേദഗതികള്‍ ശബ്ദവോട്ടോടെ തള്ളുകയും ബില്‍ ലോക്‌സഭയില്‍ പാസാക്കുകയുമായിരുന്നു.

രാജ്യസഭയിലും സമാന സാഹചര്യങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. ബില്ലിലെ വ്യവസ്ഥകളില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരായ ജോണ്‍ ബ്രിട്ടാസ്, എഎ റഹീം, വി ശിവദാസന്‍, ഹാരിസ് ബീരാന്‍, അബ്ദുള്‍ വഹാബ്, പി സന്തോഷ് കുമാര്‍, പി പി സുനീര്‍ എന്നിവര്‍ ഭേദഗതികള്‍ നിര്‍ദേശിച്ചു. പിന്നാലെ നടന്ന വോട്ടെടുപ്പിൽ 128 പേര്‍ ബില്ലിനെ അനുകൂലിച്ചും 95 പേര്‍ ബില്ലിനെ എതിര്‍ത്തും വോട്ടു ചെയ്തു. പ്രതിപക്ഷ എംപിമാര്‍ മുന്നോട്ടുവെച്ച ഭേദഗതികള്‍ ശബ്ദവോട്ടോടെ തള്ളി. ഇതിന് പിന്നാലെ ബിഷ രാജ്യസഭയും കടന്നു. ആറാം തീയതി അർദ്ധരാത്രിയോടെ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒപ്പുവെച്ചതോയെ വഖഫ് ഭേദഗതി നിയമമായി.

Content highlights : Central government brings new Waqf law into effect from today

dot image
To advertise here,contact us
dot image