എല്ലാ സംസ്ഥാനങ്ങളുടെയും വിജയം; സുപ്രീം കോടതിയുടേത് ചരിത്ര വിധിയെന്ന് സ്റ്റാലിന്‍

സംസ്ഥാനങ്ങളുടെ സ്വയം ഭരണാവകാശത്തിനും ഫെഡറലിസം നിലനിര്‍ത്താനുമുള്ള പോരാട്ടം തമിഴ്നാട് തുടരുമെന്നും സ്റ്റാലിന്‍

dot image

ചെന്നൈ: തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിക്കെതിരെ സുപ്രീം കോടതി പുറപ്പെടുവിച്ചത് ചരിത്ര വിധിയെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഗവര്‍ണര്‍ക്കെതിരായ കേസില്‍ തമിഴ്നാട് സര്‍ക്കാരിന്റെ വാദങ്ങള്‍ക്ക് അനുകൂലമായാണ് കോടതിയുടെ വിധിയെന്ന് സ്റ്റാലിന്‍ പറഞ്ഞു. ഈ വിജയം തമിഴ്നാടിനു മാത്രം അവകാശപ്പെട്ടതല്ലെന്നും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെയും വിജയമാണെന്നും എം കെ സ്റ്റാലിന്‍ നിയമസഭയില്‍ പ്രതികരിച്ചു.

സംസ്ഥാനങ്ങളുടെ സ്വയം ഭരണാവകാശത്തിനും ഫെഡറലിസം നിലനിര്‍ത്താനുമുള്ള പോരാട്ടം തമിഴ്നാട് തുടരുമെന്നും സ്റ്റാലിന്‍ പറഞ്ഞു. അതില്‍ നിശ്ചയമായും വിജയിക്കുമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. സുപ്രീം കോടതിയുടെ വിധിയില്‍ പ്രതികരണവുമായി സിപിഐഎം നേതാവ് ഇ പി ജയരാജനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും രംഗത്തെത്തി.

ഉജ്ജ്വലമായ വിധിയാണ് വന്നതെന്നും ഇന്ത്യന്‍ ജനാധിപത്യവാദികള്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ് വിധിയെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് വിധി നല്‍കുന്നത് വലിയ പ്രതീക്ഷയാണെന്നും ഒരു ഗവര്‍ണര്‍ക്ക് അങ്ങനെ നിയമസഭ പാസാക്കിയ നിയമം തടഞ്ഞുവെക്കാന്‍ അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.

'ഗവര്‍ണമാരെ ഉപയോഗിച്ച് ബിജെപി ഇതര സംസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്താന്‍ ബിജെപി സര്‍ക്കാര്‍ നടത്തുന്ന നടപടിക്ക് എതിരെയുള്ള വിധിയാണ്. അഭിമാനം നല്‍കുന്ന വിധിയാണിത്. ജനാധിപത്യത്തിന്റെ കാവല്‍ ഭാടന്മാരായി സുപ്രീം കോടതി ഉണ്ടെന്ന് വിധി പറയുന്നു', ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സര്‍ക്കാരിന്റെ കരണക്കുറ്റിക്ക് ഏറ്റ അടിയാണിതെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഇതുകൊണ്ടും മോദിയും അമിത്ഷായും പാഠം പഠിക്കുമെന്ന് തോന്നുന്നില്ലെന്നും കോടതി വിധിയുടെ അന്തസത്തയില്‍ ജനാധിപത്യ ബോധത്തോടെ ഇനിയെങ്കിലും ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം കല്‍പ്പിച്ചാല്‍ ഏറാന്‍ മൂളുന്ന ഗവര്‍ണര്‍മാര്‍ മനസിലാക്കണമെന്നും പാഠം ഉള്‍ക്കൊള്ളണമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

'നിയമസഭക്കും സംസ്ഥാന സര്‍ക്കാരിനും ഉള്ള അധികാരങ്ങള്‍ വ്യക്തമാണ്. ബില്ലുകള്‍ തോന്നിവാസം പോലെ മാറ്റിവക്കുന്നവര്‍ക്കുള്ള തിരിച്ചടിയാണിത്. വിഢിവേഷം കെട്ടിയവര്‍ക്കും കെട്ടിച്ചവര്‍ക്കും തിരിച്ചടി. വിധിയെ സിപിഐ സ്വാഗതം ചെയ്യുന്നു', അദ്ദേഹം പറഞ്ഞു.

ബില്ലുകള്‍ തടഞ്ഞുവെച്ചതിന് ശേഷം രാഷ്ട്രപതിക്ക് അയച്ച രവിയുടെ നടപടി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഗവര്‍ണ്ണര്‍ മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും ഭരണഘടന നിലവില്‍ വന്ന ശേഷം ഗവര്‍ണര്‍ക്ക് വിവേചനാധികാരമില്ലെന്നും സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു.

ബില്ലുകളില്‍ തീരുമാനമെടുക്കാനും കോടതി സമയ പരിധി നല്‍കിയിട്ടുണ്ട്. ബില്‍ തടഞ്ഞുവെച്ചാല്‍ ഒരുമാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. തീരുമാനമെടുത്തില്ലെങ്കില്‍ മൂന്ന് മാസത്തിനകം മന്ത്രിസഭയ്ക്ക് തിരിച്ചയക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. നിയമസഭ രണ്ടാമതും അംഗീകരിച്ച ബില്ലില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്നും ഗവര്‍ണറുടെ നടപടി കോടതിയുടെ പരിശോധനയ്ക്ക് വിധേയമെന്നും സുപ്രീം കോടതി പറഞ്ഞു.

Content Highlights: M K Stalin reaction on Supreme Court s verdict on Tamil Nadu Governor bill incident

dot image
To advertise here,contact us
dot image