അനുവാദമില്ലാതെ രജിസ്റ്റർ എടുത്തു; ചോദ്യം ചെയ്ത പൊലീസുകാരിയെ മർദിച്ചു; മകനെ കൊന്ന സുചനയ്‌ക്കെതിരെ വീണ്ടും കേസ്

പൊലീസുകാരിയെ അധിക്ഷേപിച്ച സുചന, മുടിയിൽ പിടിച്ച് വലിച്ച് നിലത്തിട്ട് ചവിട്ടി

dot image

ബംഗളുരു: നാലുവയസുകാരനായ മകനെ കൊന്ന് സ്യൂട്ട്‌കേസിലാക്കിയ കേസിലെ പ്രതി സുചന സേത്തിനെതിരെ വീണ്ടും കേസ്. സെന്‍ട്രല്‍ ജയിലിനുളളില്‍ വനിതാ കോണ്‍സ്റ്റബിളിനെ ആക്രമിച്ചതിനാണ് കേസ്. വനിതാ തടവുകാരുടെ ബ്ലോക്കിനുള്ളിൽ ഉണ്ടായിരുന്ന രജിസ്റ്റര്‍ സുചന അനുവാദമില്ലാതെ എടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. രജിസ്റ്റര്‍ എടുത്തതിനെ വനിതാ കോണ്‍സ്റ്റബിള്‍ ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതയായ സുചന പൊലീസുകാരിയെ അധിക്ഷേപിക്കുകയും മുടിയില്‍ പിടിച്ച് വലിച്ച് നിലത്തേയ്ക്ക് തളളിയിട്ട് ചവിട്ടുകയുമായിരുന്നു. ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 121 (1), സെക്ഷന്‍ 352 എന്നിവ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഐ സ്റ്റാര്‍ട്ടപ്പായ 'മൈന്‍ഡ്ഫുള്‍ എഐ ലാബ്' എന്ന സ്ഥാപനത്തിന്റെ സിഇഒ ആയിരുന്നു സുചന. 2024 ജനുവരിയില്‍ ഗോവയിലെ ഒരു ഹോട്ടലില്‍വെച്ച് തന്റെ നാലുവയസുകാരനായ മകനെ ഇവര്‍ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കിയിരുന്നു. മൃതദേഹവുമായി ബെംഗളുരുവിലേക്ക് മടങ്ങുന്നതിനിടെ കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍വെച്ചാണ് ഇവര്‍ അറസ്റ്റിലായത്. ജനുവരി ആറിന് സുചന സേത്ത് മകനോടൊപ്പം നോര്‍ത്ത് ഗോവയില്‍ വാടകയ്ക്ക് ഒരു സര്‍വ്വീസ് അപ്പാര്‍ട്ട്‌മെന്റില്‍ താമസം തുടങ്ങി. രണ്ടുദിവസം അവിടെ താമസിച്ചതിനുശേഷം അവര്‍ അപാര്‍ട്ട്‌മെന്റ് ജീവനക്കാരോട് ബെംഗളൂരുവിലേക്ക് പോകാന്‍ ടാക്‌സി വേണമെന്ന് ആവശ്യപ്പെട്ടു. വിമാനത്തില്‍ യാത്ര ചെയ്യുന്നതാണ് ഇത്രദൂരം ടാക്‌സിയില്‍ പോകുന്നതിലും ചിലവ് കുറവെന്ന് ജീവനക്കാരന്‍ പറഞ്ഞെങ്കിലും ടാക്‌സി വേണമെന്ന ആവശ്യത്തില്‍ അവര്‍ ഉറച്ചുനിന്നു.


സുചന പോയതിനുശേഷം അപ്പാര്‍ട്ട്‌മെന്റ് വൃത്തിയാക്കാനെത്തിയ ജീവനക്കാര്‍ മുറിയില്‍ രക്തക്കറ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അവര്‍ തിരികെ പോകുമ്പോള്‍ മകനെ കൂടെ കണ്ടില്ലെന്നും ജീവനക്കാര്‍ പൊലീസിനോട് പറഞ്ഞു. പൊലീസ് വിളിച്ചപ്പോള്‍ മകന്‍ സുഹൃത്തിനൊപ്പമുണ്ടെന്നായിരുന്നു സുചനയുടെ മറുപടി. എന്നാല്‍ പൊലീസ് പരിശോധനയിൽ ബാഗില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. മകന്റെ കസ്റ്റഡിയുമായി ബന്ധപ്പെട്ട് ഭര്‍ത്താവുമായി നടക്കുന്ന തര്‍ക്കത്തില്‍ മനംമടുത്താണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും മകനെ തനിക്ക് ഒരുപാട് ഇഷ്ടമായിരുന്നെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 302 (കൊലപാതകം), 201 (തെളിവ് നശിപ്പിക്കല്‍), ഗോവ ചില്‍ഡ്രന്‍സ് ആക്ടിലെ സെക്ഷന്‍ 8 എന്നിവ പ്രകാരമാണ് ഗോവ പൊലീസ് അന്ന് കേസെടുത്തത്.

Content Highlights: suchana seth who is in jail for son's murder assaults cop in jail

dot image
To advertise here,contact us
dot image