കർണാടകയിൽ ക്ലാസ് മുറിയിൽ വെച്ച് അധ്യാപിക വടിയെറിഞ്ഞു; ആറ് വയസുകാരന്റെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി

കഴിഞ്ഞ വർഷം മാർച്ച് 6-ന് യശ്വന്ത് എന്ന കുട്ടി ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് സംഭവം നടന്നത്

dot image

ബെംഗളൂരു: ക്ലാസ് മുറിയിൽ വെച്ച് അധ്യാപിക എറിഞ്ഞ വടി കൊണ്ട് ആറ് വയസുകാരന്റെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി. ചിന്താമണി താലൂക്കിലെ ഒരു സർക്കാർ സ്കൂളിലാണ് സംഭവം. കഴിഞ്ഞ വർഷം മാർച്ച് ആറിന് യശ്വന്ത് എന്ന കുട്ടി ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് സംഭവം നടന്നത്. അധ്യാപിക ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കഴിഞ്ഞ ദിവസമാണ് പൊലീസ് കേസെടുത്തത്.

പൊലീസ് പറയുന്നതനുസരിച്ച്, വിദ്യാർത്ഥികളെ നിയന്ത്രിക്കുന്നതിനിടെ അധ്യാപിക ഒരു വടി എറിഞ്ഞു. അത് അബദ്ധത്തിൽ യെശ്വന്തിന്റെ വലതു കണ്ണിൽ തട്ടി പരിക്കേറ്റു. കുറച്ചു ദിവസങ്ങൾക്ക് ശേഷം കുട്ടിയുടെ അവസ്ഥ വഷളായപ്പോൾ, മാതാപിതാക്കൾ കുട്ടിയെ ചിന്താമണിയിലെ ഒരു നേത്രരോഗവിദഗ്ദ്ധന്റെ അടുത്തേക്ക് കൊണ്ടുപോയി. അദ്ദേഹം ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു. കഴിഞ്ഞ വർഷം ഡിസംബറിൽ ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലെ ഡോക്ടർമാർ കുട്ടിയുടെ കണ്ണ് പരിശോധിച്ച ശേഷം രണ്ട് ശസ്ത്രക്രിയകൾ നടത്തി. എന്നാൽ ശസ്ത്രക്രിയ നടത്തിയിട്ടും കുട്ടിയുടെ കാഴ്ച തിരിച്ചുകിട്ടാതെ വന്നതോടെയാണ് പരാതി നൽകിയത്.

ഞായറാഴ്ച വൈകുന്നേരം രക്ഷിതാക്കളും നാട്ടുകാരും ബട്‌ലഹള്ളി പൊലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. സംഭവത്തിൽ കുറ്റാരോപിതനായ അധ്യാപികയ്ക്കെതിരെയും താലൂക്ക് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ ഉൾപ്പെടെ അഞ്ച് പേർക്കെതിരെയും കേസെടുത്തു.

കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ഭാരതീയ ന്യായ സംഹിതയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം ശാരീരിക ആക്രമണം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Content Highlights: Karnataka Boy Loses Vision A Year After Teacher Allegedly Hit Him With A Stick

dot image
To advertise here,contact us
dot image