
അഹമ്മദാബാദ്: കുഞ്ഞിന്റെ തുടർച്ചയായ കരച്ചിലിൽ അസ്വസ്ഥയായ അമ്മ മൂന്ന് മാസം പ്രായമുള്ള മകനെ കുടിവെള്ള ടാങ്കിൽ എറിഞ്ഞു കൊന്നു. ഗുജറാത്തിലാണ് ഞെട്ടിക്കുന്ന സംഭവം. 22-കാരിയാണ് മകനെ ഭൂർഭ കുടിവെള്ള ടാങ്കിലെറിഞ്ഞ് കൊലപ്പെടുത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. മകൻ ഖയാലിനെ കാണാനില്ലെന്ന് യുവതി തന്നെ ഭർത്താവിനോട് പറഞ്ഞിരുന്നു.
പിന്നാലെ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഭർത്താവ് ദിലീപ് പൊലീസിൽ പരാതി നൽകുകയായിരുന്നു. തിരച്ചിലിൽ തിങ്കളാഴ്ച അംബികാനഗർ പ്രദേശത്തെ വീട്ടിലെ വാട്ടർ ടാങ്കിൽ നിന്ന് കുഞ്ഞിന്റെ മൃതദേഹം പൊലീസ് കണ്ടെത്തുകയായിരുന്നു. കുഞ്ഞിനെ വാട്ടർ ടാങ്കിലേക്ക് എറിഞ്ഞത് അമ്മയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
"ഗർഭിണിയായതു മുതൽ കരിഷ്മ വൈകാരികമായും ശാരീരികമായും അസ്വസ്ഥയായിരുന്നു. എപ്പോഴും ചില ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് പരാതിപ്പെടുകയും തന്റെ കുട്ടി ഒരുപാട് കരയുന്നതിനാൽ താൻ അസ്വസ്ഥയാണെന്ന് കുടുംബാംഗങ്ങളോട് പറയുകയും ചെയ്തിരുന്നു", മേഘാനിനഗർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഡിബി ബാസിയ പറഞ്ഞു. പരസ്പരവിരുദ്ധമായ മൊഴികൾ നൽകിയതിൽ സംശയം തോന്നിയതോടെയാണ് അന്വേഷണം അമ്മയിലേക്കെത്തിയത്.
Content Highlights: Gujarat Woman Kills Infant For Constantly Crying