
ചെന്നൈ: 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെയ്ക്ക് എതിരെ മത്സരിക്കാന്‍ അണ്ണാ ഡിഎംകെ, ബിജെപി സഖ്യം. കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ പങ്കെടുത്ത സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് സഖ്യത്തെ പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയെ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി നയിക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചു.
'ഡിഎംകെ സര്‍ക്കാരിനെതിരെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനം വോട്ടു ചെയ്യും. സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ എന്‍ഡിഎ തുറന്നു കാട്ടും. അണ്ണാ ഡിഎംകെയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ല. നീറ്റ്, മണ്ഡലപുനര്‍നിര്‍ണയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും', അമിത് ഷാ പറഞ്ഞു.
1998 മുതല്‍ എഐഎഡിഎംകെ എന്‍ഡിഎയുടെ ഭാഗമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയും മുൻപ് ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ തീരുമാനം അറിയിച്ചതിന് പിന്നാലെയാണ് സഖ്യ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.
അതിനിടെ തമിഴ്‌നാട് ബിജെപി അധ്യക്ഷനായി തിരുനെല്‍വേലി എംഎല്‍എ നൈനാര്‍ നാഗേന്ദ്രനെ തിരഞ്ഞെടുത്തു. ചെന്നൈയില്‍ പാര്‍ട്ടി ആസ്ഥാനമായ കമലാലയത്തില്‍ നടന്ന ചടങ്ങില്‍ വോട്ടെടുപ്പ് ഒഴിവാക്കി സമവായത്തിലൂടെയായിരുന്നു അധ്യക്ഷനെ തിരഞ്ഞെടുത്തത്. വാനതി ശ്രീനിവാസന്‍, കെ അണ്ണാമലൈ, പൊന്‍ രാധാകൃഷ്ണന്‍ തുടങ്ങി പത്ത് ബിജെപി നേതാക്കളാണ് നൈനാര്‍ നാഗേന്ദ്രനെ പിന്തുണച്ചത്. അണ്ണാ ഡിഎംകെയുടെ ആവശ്യപ്രകാരമാണ് കെ അണ്ണാമലൈയെ അധ്യക്ഷ പദവിയില്‍ നിന്ന് നീക്കിയത്. സ്ഥാനമൊഴിഞ്ഞ കെ അണ്ണാമലൈ നിയുക്ത അധ്യക്ഷനെ ഷാള്‍ അണിയിച്ച് അനുമോദിച്ചു. ഏപ്രില്‍ നാലിനാണ് തമിഴ്നാട് ബിജെപിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ അണ്ണാമലൈ ഒഴിഞ്ഞത്. അധ്യക്ഷ പദവിയിലേക്ക് വീണ്ടും മത്സരിക്കാനില്ലെന്നും അണ്ണാമലൈ വ്യക്തമാക്കിയിരുന്നു.
അണ്ണാമലൈ പദവിയില്‍ തുടര്‍ന്നാല്‍ സഖ്യം സാധ്യമല്ലെന്ന് എടപ്പാടി പളനി സ്വാമി ബിജെപി ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. അണ്ണാ ഡിഎംകെയുടെ ഉപാധി അമിത് ഷാ ഡല്‍ഹിയിലെ കൂടിക്കാഴ്ചയില്‍ അണ്ണാമലൈയെ ബോധ്യപ്പെടുത്തി. ഇതിന് പിന്നാലെയാണ് പദവിയില്‍ തുടരാനില്ലെന്ന് അണ്ണാമലൈ വ്യക്തമാക്കിയത്.
Content Highlights: AIDMK BJP alliance in Tamil Nadu Election