
ന്യൂഡൽഹി: മ്യാൻമറിൽ ഓപ്പറേഷൻ ബ്രഹ്മ ദുരിതാശ്വാസ ദൗത്യത്തിനിടെ ഇന്ത്യൻ വ്യോമസേനയുടെ സി-130ജെ വിമാനത്തിന് ജിപിഎസ്-സ്പൂഫിംഗ് ആക്രമണം നേരിട്ടതായി റിപ്പോർട്ട്. പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ ടിവിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പറക്കുന്നതിനിടെ വിമാനത്തിന്റെ നാവിഗേഷൻ സംവിധാനത്തെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ജിപിഎസ് സ്പൂഫിംഗ് തത്സമയ കോർഡിനേറ്റുകളെ മാറ്റിമറിച്ചുവെന്നാണ് റിപ്പോർട്ട്. സുരക്ഷിതമായ നാവിഗേഷൻ ഉറപ്പാക്കാൻ വ്യോമസേന പൈലറ്റുമാർ ഉടൻ തന്നെ ഇന്റേണൽ നാവിഗേഷൻ സിസ്റ്റത്തിലേക്ക് (ഐഎൻഎസ്) മാറിയെന്നാണ് പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ജിപിഎസ് സ്പൂഫിംഗ് എന്നത് ഒരു തരം സൈബർ ആക്രമണമാണ്. വ്യാജ സിഗ്നലുകൾ യഥാർത്ഥ ഉപഗ്രഹ ഡാറ്റയെ മറികടന്ന് സംവിധാനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നതാണ് ജിപിഎസ് സ്പൂഫിംഗ്. ഇന്ത്യ-പാകിസ്ഥാൻ അതിർത്തിക്ക് സമീപം നേരത്തെ സമാനമായ സ്പൂഫിംഗ് സംഭവങ്ങൾ നടന്നിട്ടുണ്ട്. 2023 നവംബർ മുതൽ ഇതുവരെ അമൃത്സറിനും ജമ്മുവിനും സമീപം 465 ജിപിഎസ് സ്പൂഫിംഗ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മാർച്ച് 28ന് മ്യാൻമറിൽ ഉണ്ടായ 7.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തിൽ 3,649 പേർ കൊല്ലപ്പെടുകയും 5,000 ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മ്യാൻമറിലെ ഭൂകമ്പ ബാധിത മേഖലയിൽ സെർച്ച് ആൻഡ് റെസ്‌ക്യൂ (എസ്എആർ), മാനുഷിക സഹായം, ദുരന്ത നിവാരണം, വൈദ്യസഹായം എന്നിവയുൾപ്പെടെ ആവശ്യമായ പിന്തുണ നൽകുന്നതിനായാണ് ഇന്ത്യ ഓപ്പറേഷൻ ബ്രഹ്മ ആരംഭിച്ചത്. എൻഡിആർഎഫും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും വിതരണം ചെയ്ത ടെന്റുകൾ, പുതപ്പുകൾ, അവശ്യ മരുന്നുകൾ, ഭക്ഷണം ഉൾപ്പെടെയുള്ള 15 ടൺ സാധനങ്ങൾ ഉൾപ്പെടെ മാനുഷിക സഹായ, ദുരന്ത നിവാരണ (എച്ച്‌എഡിആർ) വസ്തുക്കളുടെ ആദ്യ വിഹിതം സി -130 ജെ വിമാനം ഉപയോഗിച്ചാ മാർച്ച് 29 ന് മ്യാൻമാറിൽ എത്തിച്ചത്.
ഇതുവരെ ആറ് വിമാനങ്ങളിലും അഞ്ച് ഇന്ത്യൻ നാവിക കപ്പലുകളിലുമായി 625 മെട്രിക് ടൺ എച്ച്‌എഡിആർ വസ്തുക്കളാണ് മ്യാൻമാറിൽ എത്തിച്ചത്.
Content Highlights: Cyber attack on IAF aircraft involved in Myanmar quake relief op: Defence sources