
ന്യൂഡൽഹി: ലോക്കോ പൈലറ്റുമാർക്ക് വിചിത്ര മാർഗനിർദേശങ്ങളുമായി റെയിൽവേ. ഇനി മുതൽ ട്രെയിൻ യാത്രയിൽ ലോക്കോ പൈലറ്റുമാർക്ക് ആഹാരം കഴിക്കാൻ പ്രത്യേക ഇടവേളകൾ അനുവദിക്കില്ലെന്ന് റെയിൽവേ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഇത് കൂടാതെ ഡ്യൂട്ടിയിലുള്ള സമയത്ത് ലോക്കോ പൈലറ്റുമാർക്ക് ശുചിമുറിയിൽ പോകാനോ ഫ്രീ ടൈമോ ഉണ്ടാകില്ല.
നിലവിലെ തീരുമാനം വനിതാ ലോക്കൽ പൈലറ്റുമാർക്കും ബാധകമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര റെയിൽവേ മന്ത്രാലയം രാജ്യത്തെ സോണൽ ജനറൽ മാനേജർമാർക്ക് സർക്കുലർ അയച്ചിട്ടുണ്ട്. ക്യാബിനുകളിൽ ക്യാമറവെയ്ക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്നും എന്നാൽ സ്വകാര്യതയെ ഹനിക്കില്ലെന്നും റെയിൽവേ മന്ത്രാലയം വിശദീകരിക്കുന്നുണ്ട്. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ശബ്ദവും ദൃശ്യവും ഒരേപോലെ പകർത്തുന്ന ക്യാമറയാകും സ്ഥാപിക്കുക.
പ്രധാന ട്രെയിനുകളിൽ ഉണ്ടായിരുന്ന കോ പൈലറ്റുമാരെ പിൻവലിക്കാനും തീരുമാനമായിട്ടുണ്ട്. പകരം ലോക്കോ പൈലറ്റുമാരെ സഹായിക്കാൻ 2 വർഷം പ്രവർത്തന പരിചയമുള്ള അസിസ്റ്റൻ്റ് ലോക്കോ പൈലറ്റുമാർ ഉണ്ടാകും. എന്നാൽ ലോക്കോ പൈലറ്റുമാരുടെ പ്രശ്നങ്ങൾ പരിഗണിക്കാതെയുള്ള റിപ്പോർട്ടാണ് ഇതെന്ന് ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി ജനറൽ കെ.സി. ജെയിംസ് പറഞ്ഞു. ജോലിസമയം, വിശ്രമം തുടങ്ങിയ കാര്യങ്ങളിൽ കമ്മിറ്റി ഒന്നും പറയുന്നില്ല. റെയിൽവേ മൾട്ടി ഡിസിപ്ലിനറി കമ്മിറ്റിയുടെ റിപ്പോർട്ട് ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ റെയിൽവേ മെൻസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി ശിവഗോപാൽ മിശ്ര റെയിൽവേ ബോർഡ് ചെയർമാന് കത്തയച്ചിട്ടുണ്ട്.
Content Highlights-Railways issues strange guidelines for loco pilot marks