
ബെംഗളൂരു: അഞ്ച് വയസുകാരിയെ പീഡന ശ്രമത്തിനിടെ കൊലപ്പെടുത്തിയ പ്രതി പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. കര്‍ണാടകയിലെ ഹുബ്ബള്ളിയിലെ ബലാത്സംഗ കൊലപാതക കേസിലെ പ്രതി ബിഹാര്‍ സ്വദേശിയായ റിതേഷ് കുമാറാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. അറസ്റ്റിനിടെ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് ഏറ്റുമുട്ടലുണ്ടായത്.
വനിതാ പൊലീസാണ് ഇയാള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഇന്ന് രാവിലെയാണ് റിതേഷ് അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. റിതേഷ് ബലാത്സംഗം ചെയ്യാനുള്ള ഉദ്ദേശ്യത്തില്‍ പെണ്‍കുട്ടിയെ അടുത്തുള്ള ഒരു ഷെഡിലേക്ക് കൊണ്ടുപോകുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ കരച്ചിലിന്റെ ശബ്ദം കേട്ട് സമീപവാസികള്‍ ഓടിക്കൂടി. ഇതിനിടയില്‍ പ്രതി പെണ്‍കുട്ടിയുടെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി ഓടി രക്ഷപ്പെടുകയായിരുന്നു.
പെണ്‍കുട്ടി വീട്ടില്‍ നിന്ന് കളിച്ചു കൊണ്ടിരിക്കേ ഇയാള്‍ തട്ടിക്കൊണ്ടു പോകുന്നത് സിസിടിവിയില്‍ പതിഞ്ഞത് നിര്‍ണായകമായി. എന്നാല്‍ ഇയാള്‍ പൊലീസിനോട് മോശമായി സംസാരിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിയുതിര്‍ക്കേണ്ടി വന്നതെന്ന് ഹുബ്ബല്ലി പൊലീസ് കമ്മീഷണര്‍ ശശി കുമാര്‍ പറഞ്ഞു. 'രക്ഷപ്പെടല്‍ തടയുന്നതിന് രണ്ട് വെടിയുതിര്‍ത്തു. ഒന്ന് അവന്റെ കാലിലും മറ്റൊന്ന് പുറകിലും കൊണ്ടു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു', അദ്ദേഹം പറഞ്ഞു.
ഏറ്റുമുട്ടലില്‍ ഒരു പിഎസ്‌ഐക്കും മറ്റ് രണ്ട് പൊലീസുദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നും മൂവരും ആശുപത്രിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിതേഷുമായുള്ള സംസാരത്തില്‍ ഇയാള്‍ പൂനെ സ്വദേശിയാണെന്നും 35 വയസാണ് പ്രായമെന്നും പൊലീസ് കണ്ടെത്തി. ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.
Content Highlights: Suspect who attempted to attck and kill five-year-old girl killed in police encounter