വഖഫില്‍ പുകഞ്ഞ് ബംഗാള്‍; മുര്‍ഷിദാബാദില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

വഖഫ് ഭേദഗതി നിയമത്തിനെതിരെ ബംഗാളിലെ മുര്‍ഷിദാബാദില്‍ പൊട്ടിപ്പുറപ്പെട്ട അക്രമത്തില്‍ 150ലധികം പേര്‍ അറസ്റ്റിലായി

dot image

കൊല്‍ക്കത്ത: വഖഫ് ഭേദഗതി നിയമത്തിനെതിരെ ബംഗാളിലെ മുര്‍ഷിദാബാദില്‍ പൊട്ടിപ്പുറപ്പെട്ട അക്രമത്തില്‍ 150ലധികം പേര്‍ അറസ്റ്റിലായി. മൂന്നുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത മുര്‍ഷിദാബാദില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. ധൂലിയന്‍, സാംസര്‍ഗഞ്ച് പ്രദേശങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. നിരോധനാജ്ഞ നിലനില്‍ക്കുന്ന സംഘര്‍ഷമേഖലകളില്‍ പുതിയ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇവിടങ്ങളില്‍ ഇന്റര്‍നെറ്റ് സേവനവും നിര്‍ത്തിവച്ചിരിക്കുകയാണ്. പ്രശ്‌നബാധിത മേഖലകളില്‍ കേന്ദ്രസേനയെ നിയോഗിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതോടെ ബിഎസ്എഫിനെ പ്രദേശത്തിറക്കിയിട്ടുണ്ട്.

വെളളിയാഴ്ച്ച വഖഫ് ഭേദഗതി നിയമത്തിനെതിരെ ബംഗാളിലെങ്ങും നടന്ന പ്രതിഷേധം മുര്‍ഷിദാബാദില്‍ വര്‍ഗീയ കലാപമായി പടരുകയായിരുന്നു. മുര്‍ഷിദാബാദിന് പുറമേ ഹൂഗ്ലി, മാള്‍ഡ, സൗത്ത് പര്‍ഗാനസ് തുടങ്ങിയ ജില്ലകളിലാണ് വഖഫിനെതിരെ പ്രതിഷേധമുണ്ടായത്. കത്തിയെരിഞ്ഞ കടകളുടെയും വീടുകളുടെയും വാഹനങ്ങളുടെയുമെല്ലാം ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം, രാഷ്ട്രീയനേട്ടത്തിനായി കലാപങ്ങള്‍ പ്രോത്സാഹിപ്പിക്കരുതെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. ശാന്തതയും സംയമനവും പാലിക്കണമെന്നും മതത്തിന്റെ പേരില്‍ ഒരുതരത്തിലുളള മതവിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടരുതെന്നും മമത പറഞ്ഞു. വഖഫ് ഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്നില്ലെന്നും നിയമം നടപ്പിലാക്കുന്നില്ലെന്നും വ്യക്തമാക്കിയ മമത പിന്നെന്തിനാണ് കലാപമെന്നും ചോദിച്ചു.


മാള്‍ഡ, മുര്‍ഷിദാബാദ്, നാദിയ, സൗത്ത് 24 പര്‍ഗനാസ് ജില്ലകളില്‍ പ്രത്യേക സായുധസേന അധികാരനിയമം (അഫ്‌സ്പ) ചുമത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി ജ്യോതിര്‍മയ് മഹാതോ, കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് കത്തെഴുതി. ബംഗാള്‍ കത്തുകയാണെന്നും ധുലിയാനില്‍ നിന്നുളള നാനൂറിലധികം ഹിന്ദുക്കള്‍ മാള്‍ഡയില്‍ അഭയം തേടിയെന്നും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രീണനരാഷ്ട്രീയം അക്രമകാരികള്‍ക്ക് ധൈര്യംപകരുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Content Highlights: Bengal fumes over Waqf; Tensions continue in Murshidabad

dot image
To advertise here,contact us
dot image