
1891 ഏപ്രിൽ പതിനാല്. ഇന്ത്യൻ ഭരണഘടനയുടെ ശിൽപി ഡോ. ബി ആർ അംബേദ്കർ ജനിച്ച ദിനം. ഇന്ന് അംബേദ്കറുടെ 134-ാം ജന്മവാർഷികമാണ്. ഭരണഘടന വെല്ലുവിളി നേരിടുന്ന ഇക്കാലത്ത് ബി ആർ അംബേദ്കറുടെ ഓർമകൾക്ക് മൂർച്ചയറുകയാണ്.
സാമൂഹിക പരിഷ്കർത്താവ്, നിയമ, വിദ്യാഭ്യാസ–സാമ്പത്തിക വിദഗ്ധൻ തുടങ്ങി ഇടപെട്ട മേഖലകളിലെല്ലാം മികവ് പുലര്‍ത്തിയ നേതാവാണ് ബാബാ സാഹിബ് അംബേദ്കര്‍. ഇന്ത്യയിലെ ജാതിവിവേചനത്തിനെതിരെ മുഴങ്ങിയ ഏറ്റവും ദൃഢമായ ശബ്ദവും അംബേദ്കറിന്‍റേതാണ്. 'നമ്മള്‍, ഇന്ത്യയിലെ ജനങ്ങള്‍, ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതിസമത്വ, മതനിരപേക്ഷ, ജനാധിപത്യ, റിപ്പബ്ലിക്കായി വിഭാവനം ചെയ്യുന്നു' - ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന് ഇത്രയും മഹത്തായ നിര്‍വചനം നല്‍കിയതിന് ഡോ. ബി ആര്‍ അംബേദ്കർ എന്ന ധിക്ഷണാശാലിയുടെ സൂക്ഷ്മതയോട് രാജ്യം കടപ്പെട്ടിരിക്കുന്നു.
മഹാരാഷ്ട്രയിലെ അംബവാഡിയിൽ മഹർ എന്ന ദലിത് സമുദായത്തിലാണ് ഡോ. അംബേദ്കർ ജനിച്ചത്. അച്ഛൻ റാംജിസക്പാൽ, അമ്മ ഭീമാഭായി. ദലിതനായതിനാല്‍ ഇന്ത്യൻ ജാതി വിവേചനത്തിന്റെ ദുരിതങ്ങളെല്ലാം ഏറ്റുവാങ്ങിയ ജീവിതമായിരുന്നു അംബേദ്കറിന്റേത്. സവർണജാതിയിൽപ്പെട്ട കുട്ടികൾ ബെഞ്ചിലിരുന്നു പഠിച്ചപ്പോൾ നിലത്തു ചാക്ക് വിരിച്ചാണ് അംബേദ്കര്‍ പഠിച്ചത്. മേൽജാതിക്കാർ നടക്കുന്ന വഴിയിലൂടെ നടക്കാൻ അനുവാദമില്ലായിരുന്നു.
പൊതുകിണറുകളോ കുളങ്ങളോ ഉപയോഗിക്കാൻ പാടില്ലായിരുന്നു. പഠിക്കാൻ മിടുക്കനായിരുന്നിട്ടും ഉന്നത ബിരുദങ്ങൾ നേടിയിട്ടും മാറ്റിനിർത്തൽ തുടർന്നു. ഉന്നത വിദ്യാഭ്യാസം കൊണ്ട് ജാതിയെ നിർമൂലനം ചെയ്യാനാകില്ലെന്ന് തിരിച്ചറിഞ്ഞ അംബേദ്കര്‍ ദലിതരെ സംഘടിപ്പിച്ച് സാമൂഹ്യമാറ്റത്തിനായി പോരാട്ടം നയിച്ചു. അധികം വൈകാതെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അവഗണിക്കാനാവാത്ത ശബ്ദമായി.
1947 ഓഗസ്റ്റ് 29നാണ് ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാനായി ഡോ. ബി ആര്‍ അംബേദ്കറെ നിയമിച്ചത്. അധികാരങ്ങള്‍ നിയതമായി പങ്കുവെക്കുന്ന സര്‍ക്കാരും കോടതിയും, വ്യക്തമായ അതിര്‍വരമ്പുകള്‍ക്ക് അപ്പുറവും ഇപ്പുറവും നില്‍ക്കുന്ന കേന്ദ്രവും സംസ്ഥാനങ്ങളും. അയിത്തത്തില്‍ അമര്‍ന്നുപോയ ജനതയുടെ ഉയിര്‍ത്തെഴുന്നേപ്പിന് കരുതലിന്‍റെ സ്പര്‍ശമുള്ള വ്യക്തിയുടെ മഹത്വം ഇത്രമേല്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഇന്ത്യന്‍ ഭരണഘടനയ്ക്ക് സമാനതകളില്ല. 1956 ഡിസംബർ 6നാണ് യുഗപുരുഷന്‍ ലോകത്തോട് വിടപറഞ്ഞത്. ഇന്ത്യയെന്ന ആശയത്തിന് ഭരണഘടന കൊണ്ട് അടിത്തറ പാകിയ ഡോ. ബി ആര്‍ അംബേദ്കരെ 1990ല്‍ രാജ്യം ഭാരതരത്ന നല്‍കി ആദരിച്ചിരുന്നു
Content Highlights: Dr. BR Ambedkar s 134th birth anniversary